ദീപാവലി ആയതുകൊണ്ട് ബ്രേക്ക്ഫാസ്റ്റിന് അവല് നനച്ചതും നേന്ത്രന്‍ പുഴുങ്ങിയതും ആയിരുന്നു. എന്താണമ്മേ ഇന്നിങ്ങനെ എന്നു ചോദിക്കാന്‍ മെനക്കെട്ടില്ല. വേണേല്‍ തിന്നിട്ട് എണീറ്റ് പോടാ എന്നെങ്ങാനും പറഞ്ഞാലോ. ആരോ രാവിലെ മൂഡ് ഓഫ് ആക്കിയിട്ടുണ്ട്. വേറാര് പപ്പ തന്നെ. മിണ്ടാതിരുന്നു കഴിക്കുന്നതാവും ബുദ്ധി. ഞാന്‍ കഴിച്ചു തുടങ്ങി.
പരിചയമില്ലാത്ത പണിയായതുകൊണ്ട് ചവക്കല്‍ വായ്ക്ക് വേഗം മടുത്തു. മടുപ്പ് മാറ്റാനുള്ള ഒരു കൊറിക്കായി ഞാന്‍ ഡൈനിംഗ് ടേബിളില്‍ പരതി. അടുത്ത് പാങ്ങിന് ഒരു 'വനിത' തുറന്നു വച്ചിരിക്കുന്നു. ഇന്നിതാവട്ടെ കൊറി എന്ന് കരുതി നോക്കിയപ്പോള്‍ ഇന്‍ഫര്‍മേറ്റീവ് ആയ ഹെല്‍ത്തി കിച്ചണ്‍ പംക്തി ആണ് ഫോക്കസ്, 'അടുക്കളയിലെ പാത്രങ്ങള്‍'.
തിരക്ക് മൂലം ഈ ലക്കം വനിത വായന മിസ്സായ വീട്ടമ്മ ഡോക്ടര്‍മാര്‍ക്ക് വേണ്ടി അതില്‍ കണ്ട ചില പോയിന്‍റുകള്‍ പറയുന്നു. ചികിത്സയിലോ ശീലത്തിലോ വേണ്ടത്ര മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിച്ചേക്കും. ഇല്ലെങ്കില്‍ ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കാനെങ്കിലും ഉപകരിക്കും.
മണ്‍കലത്തില്‍ പാകം ചെയ്‌താല്‍ പാത്രങ്ങളിലെ ചെറു സുഷിരങ്ങളിലൂടെ ചൂട് എല്ലായിടത്തും ഒരു പോലെ എത്തുന്നത് കൊണ്ട് പാകപ്രക്രിയ സാവധാനത്തില്‍ നടക്കുന്നു അതിനാല്‍ പോഷകമൂല്യം ആഹാരത്തിന് കൂടുതല്‍ ഉണ്ടാവും. കൂടാതെ മണ്ണിലെ ക്ഷാര ഗുണം ആഹാരത്തിന്‍റെ അമ്ലഗുണത്തെ നിര്‍വീര്യമാക്കി കൂടുതല്‍ രുചിയും ആസ്വാദ്യതയും നല്‍കുന്നു. മണ്‍കൂജയില്‍ വച്ചിരുന്നെടുത്ത വെള്ളവും, മോര് നേര്‍പ്പിച്ച് ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഇട്ട സംഭാരവും ഉദാഹരണം.
സ്ത്രീകളുടെ ഇടയിലുള്ള അയണ്‍ കുറവ് കൊണ്ടുണ്ടാകുന്ന വിളര്‍ച്ച പരിഹരിക്കാന്‍ പണ്ട് ഇരുമ്പ് പാത്രത്തില്‍ പാകം ചെയ്ത ഭക്ഷണം ഉപയോഗിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുമ്പിന്‍റെ അംശം കൂടുതല്‍ ഉള്ളിലെത്തുന്നത് കരളിലും ഹൃദയത്തിലും ഇരുമ്പ് കൂടുതല്‍ അടിയുന്ന 'ഹീമോക്രോമാറ്റൊസിസ്' എന്ന അസുഖത്തെ ഉണ്ടാക്കും.
ഈയം പൂശിയ ചെമ്പ് പാത്രങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ചെമ്പിന്റെ അംശം അമിതമായി ഉള്ളിലെത്തി കരളിനും വൃക്കകള്‍ക്കും തകരാറുകളെ ഉണ്ടാക്കും.
അലൂമിനിയം പാത്രങ്ങളില്‍ പാകം ചെയ്ത അച്ചാര്‍, തക്കാളിക്കറികള്‍, വിനാഗിരി ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍, പുളിയിട്ട മീന്‍കറി ഇവ ഉപയോഗിക്കുന്നത് അലൂമിനിയത്തിന്റെ അംശം ഉള്ളിലെത്തി സ്മൃതിനാശ രോഗവും, വൃക്കാത്തകരാറും ഉണ്ടാക്കാന്‍ കാരണമാകും.
പോറല്‍ വീണതും കട്ടിയുള്ള ടെഫ്ലണ്‍ കോട്ടിംഗ് ഇല്ലാത്തതുമായ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ പാചകത്തിന് സുരക്ഷിതമല്ല. കട്ടിയുള്ള സ്റ്റീല്‍ പാത്രങ്ങളാണ് ഏറ്റവും മികച്ചത്.
പുരുഷന്മാരാണ് കൂടുതലും വനിതയുടെ വായനക്കാര്‍ എന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. അവരോട് രണ്ടു വാക്ക്. ഇത് നിങ്ങള്‍ ചിലപ്പോള്‍ ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ലാത്ത പേജ് ആണ്. മനസ്സിരുത്തി വായിക്കൂ. ചിലപ്പോള്‍ പ്രയോജനം ഉണ്ടാവും.