Saturday, September 29, 2012

ഞാനെന്റെ 'ഇടതു കയ്യിനെ' കൂടുതല്‍ സ്നേഹിക്കുന്നു, കാരണം അതാണെന്റെ ഹൃദയത്തിനു ഏറ്റവും അടുത്ത് !!!

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ: ടി രാജേഷ് എഴുതിയ ലേഖനത്തിന്റെ 'സിനോപ്സിസ്' ]

ഹൃദയത്തിലെ പേശികള്‍ക്ക് രക്തം എത്തിക്കുന്നത് 'കൊറോണറി ആര്‍ടെറി'കളാണ്, 'ബ്ലോക്ക്' മൂലമോ 'കൊഴുപ്പുകള്‍' ഭിത്തികളില്‍ അടിഞ്ഞു കൂടിയോ രക്തക്കുഴലിന്റെ വ്യാസം കുറയുന്നത് പേശികളില്‍ ആവശ്യത്തിന് രക്തം എത്തിച്ചേരാതിരിക്കാന്‍ ഇടയാക്കും, ദിവസം മുഴുവന്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന ഹൃദയത്തില്‍ രക്തം എത്തി ചേരാതിരുന്നാല്‍ ഉണ്ടാകാവുന്ന അവസ്ഥ പറയേണ്ടതില്ലല്ലോ, ആ ഭാഗത്തെ പ്രവര്‍ത്തനം പെട്ടന്ന് നിലക്കുകയും, 'ഹൃദയാഘാതം' ഉണ്ടാവുകയും ചെയ്യുന്നു, ഹൃദയചികിത്സാ സൌകര്യമുള്ള അലോപതി ആശുപത്രികളില്‍ ഇങ്ങനെയുള്ള ഒരു രോഗിയെ എത്തിച്ചാല്‍ അവിടെ അവര്‍ ചെയ്യുന്ന ചികിത്സയുടെ ഏകദേശ രൂപമാണ് ഡോക്ടര്‍ സുഹൃത്തുക്കളുടെ അറിവിലേക്കായി താഴെ വിവരിക്കുന്നത്,

ബ്ലോക്കുകള്‍ നീങ്ങാനും രക്തക്കുഴലിന്റെ വ്യാസം കൂടാനും അവര്‍ ചെയ്യുന്ന ചികിത്സയാണ് 'ആന്‍ജിയോപ്ലാസ്റ്റി', ഹൃദയാഘാതം സംഭവിച്ച് ഒന്ന് മുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഇത് ചെയ്യാം, അപ്പോള്‍ അതിന് 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി' എന്ന് പറയും, രണ്ടു രീതിയില്‍ ഇത് ചെയ്യാവുന്നതാണ്, പണ്ട് 'ഫെമറല്‍ ആര്‍ടെറി' വഴിയായിട്ടായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ ഇതിലുണ്ടായിരിക്കുന്ന മുന്നേറ്റം 'റെഡിയല്‍ ആര്‍ടെറി'യിലൂടേയും ഇത് ചെയ്യാന്‍ കഴിയുമെന്നതാണ്, കാരണം 'റെഡിയല്‍ ആര്‍ടെറി'യിലൂടെ ചെയ്യുംപോള്‍ 'ഫെമറല്‍' രീതിയെ അപേക്ഷിച്ച് ബുദ്ധിമുട്ടുകള്‍ കുറവാണ്, 'കാത്ത് ലാബി'ല്‍ ഏകദേശം നാലോ അഞ്ചോ മണിക്കൂറു കൊണ്ട് 'ആന്‍ജിയോപ്ലാസ്റ്റി' പൂര്‍ത്തിയാക്കാന്‍ കഴിയും, പൊണ്ണത്തടിയുള്ളവരിലും 'റെഡിയല്‍ ആര്‍ടെറി' കണ്ട് പിടിക്കാന്‍ വിഷമം ഉണ്ടാവില്ല, ബ്ലീഡിംഗ് ഉണ്ടായാല്‍ തന്നെ എളുപ്പത്തില്‍ നിയന്ത്രിക്കാം, കാലിലെ മുറിവില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കയ്യില്‍ ഉണ്ടാവില്ല, 'കാത്ത് ലാബി'ല്‍ നിന്നും നടന്നു തന്നെ രോഗിക്ക് വാര്‍ഡിലേക്ക് പോകാം, വേണമെങ്കില്‍ അന്ന് തന്നെ 'ഡിസ്ചാര്‍ജ്ജും' ആകാവുന്നതുമാണ്,

'ബ്ലോക്ക്' മൂലം ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് ചെയ്യുന്ന ആദ്യ പടി 'ബ്ലോക്ക്' എവിടെയാണെന്ന് കണ്ടു പിടിക്കുന്ന 'ആന്‍ജിയോഗ്രാം' ആണ്, ബ്ലോക്കിന്റെ സ്ഥാനം നിര്‍ണ്ണയിച്ചാല്‍ അടുത്ത ഒരു മണിക്കൂറിനുള്ളില്‍ തന്നെ 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി'ക്ക് രോഗിയെ വിധേയമാക്കാവുന്നതാണ് , രക്തം നേര്‍മ്മയില്‍ നിര്‍ത്താനുള്ള ഗുളികകളും കൂടെ ഉള്ളിലേക്ക് കൊടുക്കും,  'ബ്ലോക്ക്' അല്ലെങ്കില്‍ 'കൊഴുപ്പ്' രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്നതാണ് ഒട്ടു മിക്ക  ഹൃദയാഘാതങ്ങള്‍ക്കും കാരണം, 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ 'റെഡിയല്‍ ആര്‍ടെറി'യിലൂടെ കടത്തി വിടുന്ന കത്തീറ്ററിന്റെ അറ്റത്ത്‌ ഗൈഡ് വയറും നേര്‍ത്ത ഒരു ബലൂണും ഘടിപ്പിച്ചിരിക്കും, ബലൂണ്‍ 'ബ്ലോക്ക്' ഉണ്ടായ സ്ഥാനത്തെത്തിച്ചാല്‍ പിന്നെ, 'അയോഡിന്‍ ടൈ' നിറച്ച് അത് വീര്‍പ്പിക്കും, ആവശ്യത്തിനു വ്യാസം എത്തിക്കഴിഞ്ഞാല്‍ ഒന്നോ രണ്ടോ മിനിറ്റ് അതിനെ സ്ഥാനത്ത് തന്നെ നിര്‍ത്തും, പിന്നീട് ബലൂണ്‍ ചുരുക്കി സാവധാനം കത്തീറ്റര്‍ പിന്‍വലിക്കും, ഇതു മൂലം രക്തക്കുഴലിലെ 'കൊഴുപ്പ് 'ഭിത്തിയിലേക്ക് ഞെരുങ്ങി    കുഴലിന്റെ വ്യാസം കൂടും, ഇതേ അവസ്ഥ വീണ്ടും ഉണ്ടാകാതിരിക്കാന്‍ തല്‍സ്ഥാനത്ത് 'സ്ടെന്റും' ഉറപ്പിക്കാറുണ്ട്, സമാനമായ സാഹചര്യം വീണ്ടും ഇതേ സ്ഥാനത്ത് ഉണ്ടാകുന്നതിനെ 'സ്ടെന്റ്' തടയും.

കൂട്ടത്തിലോരാള്‍ക്ക് 'ഹൃദയാഘാതം' ഉണ്ടായാല്‍ അയാളെ എത്രയും വേഗം ഹൃദ്രോഗ ചികിത്സാ സൌകര്യമുള്ളതും ഏറ്റവും അടുത്തുത്തുള്ളതുമായ ഒരു ആശുപത്രിയിലേക്ക് മാറ്റുക, കൂടാതെ  ആശുപത്രിയില്‍ എത്തിക്കുന്നതിനിടക്ക് നിങ്ങള്‍ക്ക് ചെയ്യാവുന്ന ലളിതമായ ചില പ്രഥമ ശുശ്രൂഷകള്‍ ഒരു പക്ഷെ രോഗിയുടെ ജീവന്‍ തന്നെ രക്ഷിച്ചേക്കാം, അതാണ്‌ താഴെ വിവരിച്ചിരിക്കുന്നത്,

നെഞ്ചു വേദന വന്ന് തളര്‍ന്നിരിക്കുകയോ, കുഴഞ്ഞു വീഴുകയോ ചെയ്യുന്ന രോഗിയെ ആദ്യം തന്നെ തറയില്‍ നീണ്ടു നിവര്‍ത്തി കിടത്തുക, ആള്‍ക്ക് വേണ്ടത്ര ശുദ്ധവായു കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, നെഞ്ചിലോ കവിളിലോ തട്ടി വിളിക്കുക, കൈകാലുകളില്‍ നുള്ളി നോക്കുക, മുഖത്ത് വെള്ളം തളിക്കുക എന്നിവ കൊണ്ട് ബോധം വരുത്താന്‍ ശ്രമിക്കുക, നെഞ്ചു ഉയര്‍ന്നു താഴുന്നുണ്ടോ, മൂക്കിലൂടെ വായു സഞ്ചാരമുണ്ടോ എന്ന് നോക്കി രോഗി ശ്വാസോച്വാസം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കണം, കഴുത്തിലും കൈത്തണ്ടയിലും ഉള്ള നാഡിസ്പന്ദനം തൊട്ടു നോക്കി ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കണം, ഇവ രണ്ടും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവസ്ഥ ഹൃദയ സ്തംഭനം തന്നെ എന്ന് ഉറപ്പിക്കാം,

പ്രഥമ ശുശ്രൂഷയില്‍ ആദ്യം ചെയ്യേണ്ടത് ശ്വാസതടസ്സം നീക്കാന്‍ കഴുത്തു നേരെയാക്കി, തല അല്പം താഴ്ത്തി, കീഴ്ത്താടി ഉയര്‍ത്തി കിടത്തുക എന്നുള്ളതാണ്, ചിലപ്പോള്‍ നെഞ്ചില്‍ ഇടിക്കുന്നതിലൂടെ ഹൃദയത്തിനു ഒരു ഷോക്ക്‌ കിട്ടി പ്രവര്‍ത്തിച്ചു തുടങ്ങാനും മതി, ഇതിനു 'തംപ് വേര്‍ഷന്‍' എന്ന് പറയും, ഉടന്‍ തന്നെ രോഗിയുടെ വായും മൂക്കും വൃത്തിയുള്ള ഒരു തൂവാല കൊണ്ട് മൂടി, മൂക്കടച്ചു പിടിച്ച്, വായോടു വായ്‌ ചേര്‍ത്ത് കൃത്രിമ ശ്വാസോച്വാസം നല്‍കാന്‍ തുടങ്ങുക, മിനിറ്റില്‍ പത്ത് മുതല്‍ പതിനഞ്ചു തവണ ഇത് നല്‍കണം, ഒരു പ്രാവശ്യം അകത്തേക്ക് വായു ഊതി കയറ്റിയാല്‍, പിന്നെ മൂക്ക് തുറന്നു രോഗിയെ ഉച്ച്വസിക്കാന്‍ അനുവദിക്കണം, വീണ്ടും വായില്‍ ഊതുക, ഇങ്ങനെ ഏതാനും തവണ ചെയ്തിട്ടും രോഗി സ്വയം ശ്വസിക്കുന്നില്ലെങ്കില്‍, രോഗിയുടെ നെഞ്ചില്‍, 'സ്ടെര്‍ണ'ത്തിന്റെ വശത്തായി ഹൃദയഭാഗത്ത് ഒന്നിന് മീതെ രണ്ടു കൈപ്പത്തികളും വച്ച് ശക്തിയില്‍ താഴേക്ക് അമര്‍ത്തുക, ഓരോ അമര്‍ത്തലിലും ഹൃദയം ചുരുങ്ങി രക്തം പുറത്തേക്ക്പം പ് ചെയ്യപ്പെടും, കൈ വിടുമ്പോള്‍ വീണ്ടും ഹൃദയത്തിലേക്ക് രക്തം നിറയും, ഇങ്ങനെ കൃത്രിമമായി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തണം, മിനിറ്റില്‍ എണ്‍പത് പ്രാവശ്യം ഇങ്ങനെ ചെയ്യണം, ഒരാളേ പ്രഥമ ശുശ്രൂഷക്ക് ഉള്ളൂ എങ്കില്‍ പത്തു മുതല്‍ പന്ത്രണ്ടു വരെ പ്രാവശ്യം നെഞ്ച് അമര്‍ത്തിയതിനു ശേഷം ഒന്ന് രണ്ടു തവണ വായിലൂടെ കൃത്രിമ ശ്വാസം നല്‍കാം, ശുശ്രൂഷക്ക് രണ്ടാള്‍ ഉണ്ടെങ്കില്‍ അഞ്ചു മുതല്‍ ആറ് പ്രാവശ്യം വരെ നെഞ്ച് അമര്‍ത്തിയതിനു ശേഷം ഒരു പ്രാവശ്യം കൃത്രിമ ശ്വാസം നല്‍കാം, രോഗി സ്വയം ശ്വസിക്കാനും ഹൃദയം സ്വയം സ്പന്ദിക്കാനും തുടങ്ങുന്നത് വരെ ഇങ്ങനെ ചെയ്യണം, രണ്ട് മൂന്നു മിനിട്ട് കൂടുംപോള്‍ ശ്വാസോച്ച്വാസവും ഹൃദയ സ്പന്ദനവും പരിശോധിക്കണം, സാധാരണ ഗതിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഇതൊക്കെ തുടരണം, അതായത് ആംബുലന്‍സോ മറ്റു വാഹനങ്ങളിലോ കയറ്റുംപോള്‍ പോലും കൃത്രിമമായി ശ്വാസം കൊടുക്കുന്നതും നെഞ്ച് അമര്‍ത്തുന്നതും നിര്‍ത്തരുത്, പിന്നെ ഏറ്റവും അടുത്തുള്ള ഹൃദ്രോഗ ചികിത്സ സൌകര്യമുള്ള ആശുപത്രിയില്‍ രോഗിയെ വേഗം എത്തിക്കണം, ആശുപത്രിയില്‍ ഫോണ്‍ ചെയ്തു നിങ്ങള്‍ രോഗിയേയും കൊണ്ട് വരുന്നുണ്ട് എന്ന് പറയുന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും,

നേരത്തെ ഹൃദ്രോഗം വന്നിട്ടുള്ള ആളിന്റെ ഡ്രസ്സ്‌ പോക്കറ്റില്‍ ചിലപ്പോള്‍, എന്തെങ്കിലും സംഭവിച്ചാല്‍ നാവിനടിയില്‍ വക്കേണ്ടുന്ന ഗുളിക, കവറിലാക്കി പേരും ഉപയോഗിക്കേണ്ട വിധവും എഴുതി സൂക്ഷിക്കുന്നതിന് ഒട്ടു മിക്ക ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്, അത് രോഗിയില്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കുക, ഉണ്ടെങ്കില്‍ ഉടനേ അത് രോഗിയുടെ നാവിനടിയില്‍ വച്ച് കൊടുക്കുക, അയാളുടെ ഫോണ്‍ ബുക്കില്‍ നിന്നും അടിയന്തിര സഹായത്തിനു വിളിക്കേണ്ടുന്ന ഫോണ്‍ നംപരില്‍ കോണ്ടാക്റ്റ് ചെയ്ത് അവരോട് നിങ്ങള്‍ ഏത് ആശുപത്രിയിലേക്കാണ് രോഗിയേയും കൊണ്ട് പോകുന്നതെന്ന് വിളിച്ചു പറയുക,

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ: ഹരികൃഷ്ണന്‍ എം എസ് എഴുതിയ ലേഖനത്തിന്റെ 'സിനോപ്സിസ്' ]    

ഹൃദ്രോഗം ഒരു ജീവിത ശൈലീ രോഗമാണെന്ന് വേണമെങ്കില്‍ പറയാം, കാരണം ഭക്ഷണ ശീലത്തില്‍ വന്ന മാറ്റങ്ങള്‍, വ്യായാമം ഒട്ടും തന്നെ ഇല്ലായ്ക, പുകവലി, മാനസിക വൈഷമ്യങ്ങള്‍, പ്രമേഹം, ഹൈപര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍, പൊണ്ണത്തടി തുടങ്ങിയവയൊക്കെയാണ് ഹൃദ്രോഗമുണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍, ജീവനെ നിലനിര്‍ത്താന്‍, കൊളസ്ട്രോള്‍ ശരീരത്തില്‍ ആവശ്യത്തിനു വേണം താനും,  മുപ്പതു വയസ്സ് കഴിഞ്ഞ എല്ലാവരും രക്ത പരിശോധന നടത്തി കൊളസ്ട്രോളിന്റെ പ്രശ്നങ്ങളില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്, പ്രത്യേകിച്ചും കൊളസ്ട്രോള്‍ പാരംപര്യം ഉള്ളവര്‍, കൊളസ്ട്രോള്‍ നോക്കുമ്പോള്‍ ആകെ നില മാത്രം നോക്കിയത് കൊണ്ട് കാര്യമില്ല, എല്ലാ കൊളസ്ട്രോള്‍ ഘടകങ്ങളുടേയും ഇനം തിരിച്ചുള്ള പരിശോധനയായ 'ലിപിഡ് പ്രൊഫൈല്‍' തന്നെ നോക്കണം, ആകെ കൊളസ്ട്രോള്‍ ഇരുനൂറില്‍ താഴെയും, എച് ഡി എല്‍ മുപ്പത്തിഅഞ്ചില്‍ കൂടുതലും, എല്‍ ഡി എല്‍ നൂറ്റിമുപ്പതില്‍ താഴെയും, ട്രൈ ഗ്ലിസറായ്ടുകള്‍ നൂറ്റിഅന്‍പതില്‍ താഴെയും, വി എല്‍ ഡി എല്‍ നാല്പതില്‍ താഴെയും ആണ് ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ വേണ്ടത്, എല്ലാം അളവുകളും, മില്ലിഗ്രാം പെര്‍ ഡെസിലിറ്ററില്‍ വേണം മനസ്സിലാക്കാന്‍, കൂടാതെ ആകെ കൊളസ്ട്രോളും എച് ഡി എല്ലും ആയുള്ള അനുപാതം മൂന്നില്‍ താഴെയും, എല്‍ ഡി എല്ലും, എച് ഡി എല്ലും ആയുള്ള അനുപാതം ഒന്നര മുതല്‍ മൂന്നരക്കിടക്കും ആയിരിക്കണം, കൊളസ്ട്രോള്‍ ഉണ്ടെന്നു തീരുമാനിക്കപ്പെട്ടാല്‍, പുകവലി, വറുത്തതും പൊരിച്ചതും ഭക്ഷിക്കുന്നത് ഇവ കഴിയുന്നതും ഒഴിവാക്കണം, പാചകത്തിന് എണ്ണ വളരെ കുറച്ചേ ഉപയോഗിക്കാവൂ, പതിവായി മുപ്പതു മിനിട്ടോളം വ്യായാമം ചെയ്യണം, കാരണം വ്യായാമം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണുകള്‍ ഹൃദയത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്, ഇത് കൊളസ്ട്രോള്‍ കുറയ്ക്ക്ന്നത് കൂടാതെ, ബി പി കുറഞ്ഞു രക്ത പ്രവാഹം സുഗമമാക്കാനും സഹായിക്കുന്നു, കൂടാതെ പ്രമേഹവും നിയന്ത്രണത്തില്‍ ആകുന്നു, പുകവലിക്കാരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത മൂന്ന് ഇരട്ടിയാണ്, ഇത്തരക്കാരില്‍ രക്തം കട്ടി പിടിക്കാനുള്ള സാധ്യതയും കൂടും, കൂടാതെ രക്തക്കുഴലിന്റെ ഉള്‍ഭിത്തികളില്‍ കൊഴുപ്പടിയുകയും, അതുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടത്തിന്റെ അളവ് കുറയ്ക്കുന്ന 'അതീറോസ്ക്ലീറോസിസ്' എന്ന രോഗം ഉണ്ടാകുകയും ചെയ്യും, കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താത്തവരില്‍ ക്രമേണ പൊണ്ണത്തടി പ്രകടമാവുകയും, അത് നേരിട്ട് ഹൃദയ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു, തടി നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്റെ കലോറി കുറക്കുകയും, വ്യായാമം കൂട്ടുകയും മാത്രമേ മാര്‍ഗ്ഗമുള്ളൂ, ഹൃദ്രോഗത്തിന്റെ കാരണങ്ങളില്‍ ഒന്നായ ഹൈപ്പര്‍ ടെന്‍ഷന്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ അത് തടഞ്ഞു നിര്‍ത്താനാവും, ആയതിനാല്‍ ബി പി ക്കുള്ള പരിശോധന കൃത്യമായ കാലയളവുകളില്‍ നടത്തിയിരിക്കണം, കാരണം ബി പി ഉള്ളവരില്‍ രക്തക്കുഴലിന്റെ ഭിത്തികളുടെ ഇലാസ്തികത കുറയുകയും, അവിടങ്ങളില്‍ രക്തം കട്ട പിടിച്ചു രക്ത ചംക്രമണം കുറക്കാനും ഇട വരും, ഇത്തരക്കാരില്‍ 'അതീറോസ്ക്ലീറോസിസ്' പോലുള്ള രോഗങ്ങള്‍ വളരെ നേരത്തേ പ്രകടമാകുന്നതാണ്, കൂടാതെ ഇവരില്‍ ഹൃദ്രോഗ സാധ്യത നാല്പത്തിയെട്ട് ശതമാനത്തോളം അധികവുമാണ്‌, നോര്‍മല്‍ ബി പി നൂറ്റിയിരുപത് എന്പതാണ്, ഇത് നൂറ്റിനാല്പത് തൊണ്ണൂറ് ആയാല്‍ നിശ്ചയമായും ചികിത്സ സ്വീകരിക്കേണ്ടതാണ്, പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത ഇരട്ടി ആണ്, പ്രമേഹത്തില്‍ വേദനയറിയുന്ന നാഡികള്‍ക്ക് പ്രവര്‍ത്തന വൈകല്യം വരുന്നതാണ് ഇവരില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്, എത്ര ഗൌരവമായ ഹൃദ്രോഗം വന്നാലും വേദന തോന്നാത്തത് മൂലം യഥാസമയം അവര്‍ക്ക് ചികിത്സ എടുക്കാന്‍ കഴിയാതേ വരുന്നു, അത് കൊണ്ട് പ്രമേഹ രോഗത്തെ ഹൃദ്രോഗികളില്‍ കര്‍ശനമായി നിയന്ത്രിച്ചേ മതിയാകൂ,

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ നിവേദിത എഴുതിയ ലേഖനത്തിന്റെ 'സിനോപ്സിസ്' ]

ഭക്ഷണം ക്രമീകരിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നീ രോഗങ്ങള്‍ വരുവാനുള്ള സാധ്യത കുറയ്ക്കും, ഒരിക്കല്‍ ഹൃദയാഘാതമുണ്ടായവരും, 'അതെറോസ്ക്ലീറോസിസ്' രോഗമുള്ളവരും ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തണം, ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണം എന്നാല്‍ അത് രക്തത്തിലെ എല്‍ ഡി എല്‍ കൊളസ്ട്രോള്‍, ഷുഗര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ശരീരഭാരം എന്നിവയെ കുറയ്ക്കുന്നതിനോടൊപ്പം ഹൃദയത്തിന് യോജിച്ചതും ആയിരിക്കണം, ഏതൊക്കെ ഭക്ഷണം ഒഴിവാക്കി എന്തൊക്കെ ശീലിച്ചാല്‍ ഹൃദയാരോഗ്യം നേടാം എന്ന് ബോധവല്‍ക്കരിക്കുന്നതാണ് ഉത്തമമായ ആഹാര പദ്ധതി, അതാണ്‌ താഴെ വിവരിച്ചിരിക്കുന്നത്,

ആദ്യം രക്തത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന 'ആകെ കൊളസ്ട്രോള്‍' കുറക്കുന്നതിനുള്ള ആഹാരങ്ങളെ പറ്റി പറയുന്നു, കൊഴുപ്പടങ്ങിയ പാല്‍, വെണ്ണ, തൈര് എന്നിവ ഒഴിവാക്കി, പകരം കൊഴുപ്പ് മാറ്റിയ പാല്‍ അതായത് 'സ്കിമ്മ്ട് മില്‍ക്ക്' ഉപയോഗപ്പെടുത്തണം, മൃഗങ്ങളുടെ അവയവങ്ങള്‍, കരള്‍, വൃക്ക, തലച്ചോര്‍, മുട്ടയുടെ മഞ്ഞ, ടിന്നിലടച്ച ഭക്ഷണം, സോസേജ്, ഹാം, പീനട്ട് ബട്ടര്‍ എന്നിവ ഒഴിവാക്കി പകരം ആവിയില്‍ വെന്ത മത്സ്യം, കോഴി, താറാവ് എന്നിവയുടെ മാംസം ഉപയോഗിക്കാം, മൈദ കൊണ്ടുള്ള കുക്കീസ്‌, പറ്റീസ്, പേസ്ട്രീസ്, കേക്ക്, സമോസ എന്നിവ ഒഴിവാക്കി പകരം, തവിട് കളയാത്ത ഗോതംപ് പൊടി പലഹാരത്തിന് ഉപയോഗിക്കാവുന്നതാണ്‌, കൊഴുപ്പടങ്ങിയ വെണ്ണ, പാല്‍പ്പാട, ഹൈഡ്രോജനേട്ടട് കൊഴുപ്പുകള്‍ എന്നിവ ഒഴിവാക്കി പകരം പോളിസാച്ചുറെട്ടട് ഫാറ്റി ആസിഡ് അടങ്ങിയ ഒലീവ്, പീനട്ട് എണ്ണകള്‍ ഉപയോഗിക്കാം, ഐസ്ക്രീമിലോ, പാല്‍പ്പാടയിലോ വെണ്ണയിലോ ചേര്‍ത്ത പഴങ്ങള്‍ ഒഴിവാക്കി പകരം പഴകാത്തതും കേടുവരാത്തതുമായ പഴങ്ങള്‍, ഉണക്കി ടിന്നിലടച്ച പഴങ്ങള്‍ എന്നിവ ഉപയോഗിക്കാം, കിഴങ്ങ് വര്‍ഗങ്ങള്‍ ഒഴിവാക്കി പകരം, പച്ചക്കറികള്‍ ഉപയോഗിക്കാം.

ഇനി രക്തത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന ട്രൈഗ്ലിസറൈഡിനെ കുറക്കുന്നതിനുള്ള ആഹാര ക്രമങ്ങള്‍:- കൊഴുപ്പ് ചേര്‍ന്ന ഭക്ഷണം, പഞ്ചസാര, പഞ്ചസാര അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ അതായത് കാര്‍ബണേട്ടട് പാനീയങ്ങള്‍, പഴച്ചാറുകള്‍, ലഘു പലഹാരങ്ങള്‍, തേന്‍, ജാം, ജെല്ലി, ചോക്കലേറ്റ്, കാന്‍ഡി എന്നിവ കുറച്ചു മാത്രം കഴിക്കുക, ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക, ശരീരത്തിന്റെ ഭാരം കുറയ്ക്കുക, മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കുക, എന്നിവ

ഇനി ഹൃദയത്തിന്റെ സാമാന്യ ആരോഗ്യത്തിന് ശീലിക്കേണ്ടവ പറയുന്നു, തവിട് കളയാത്ത ധാന്യങ്ങള്‍, ഗ്ലൂക്കോസിന്റെ ആഗിരണം ദീര്‍ഘിപ്പിക്കുവാന്‍ കഴിവുള്ള, നാരുകളടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ബ്രെഡ്‌, ചുവന്ന അരി, ഓട്ട് ബ്രാന്‍ തുടങ്ങിയവ, കൊഴുപ്പ് പൂര്‍ണ്ണമായി മാറ്റിയതോ, കുറഞ്ഞതോ ആയ പാലും, പാലുല്‍പന്നങ്ങളും, വേവിച്ചതും വേവിക്കാത്തതും ആയ പച്ചക്കറികള്‍, വെളുത്തുള്ളി, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങള്‍, മുട്ടയുടെ വെള്ള, തൊലി കളഞ്ഞ കോഴിയിറച്ചി, സോയാബീനും സോയാമില്‍ക്കും, ദിവസവും എട്ടു മുതല്‍ ഒന്‍പതു ഗ്ലാസ്‌ വരെ ശുദ്ധജലം, ഒന്ന് മുതല്‍ മൂന്നു ടീസ്പൂണ്‍ വരെ എണ്ണ ഉപയോഗപ്പെടുത്തിയുള്ള പാചകം, നിത്യം നാരുകള്‍ സമൃദ്ധമായ ഉലുവ കഴിക്കുക, പപ്പായ, ഓറഞ്ച്, ആപ്പിള്‍, പേരക്കാ, നെല്ലിക്ക, മാംപഴം, ഫാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങള്‍ കഴിക്കുക, ദിവസവും മുപ്പതു മിനിട്ട് വീതം നടക്കുന്നത് പോലെയുള്ള ചിട്ടയായ വ്യായാമങ്ങള്‍ എന്നിവ

ഹൃദയത്തിന്റെ ആരോഗ്യത്തിന് ശീലിക്കേണ്ടാത്തവ തുടര്‍ന്ന് പറയുന്നു,കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം, മൃഗക്കൊഴുപ്പ്, നെയ്യ്, തൈര്, വെണ്ണ തുടങ്ങിയ പൂരിത കൊഴുപ്പുകള്‍ ഒഴിവാക്കി പകരം ഒലീവ് എണ്ണ, തവിടെണ്ണ, സൂര്യകാന്തി എണ്ണ, സോയാ എണ്ണ, സഫോള എണ്ണ എന്നീ മോണോസാച്ചുറെട്ടട്, പോളിസാച്ചുറെട്ടട് ആയ കൊഴുപ്പുകള്‍ ഉപയോഗിക്കുന്നത്, മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, മുട്ടയുടെ മഞ്ഞ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ മത്സ്യവും, മറ്റു ഭക്ഷണങ്ങളും, ടിന്നിലടച്ചതും മധുരത്തില്‍ പൊതിഞ്ഞതുമായ പഴങ്ങള്‍, പൊട്ടറ്റോ ചിപ്സ്, കോണ്‍ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, പഞ്ചസാര, കെച്ചപ്പ്, സിറപ്പ്, ജാം, കേക്ക്, ഐസ്ക്രീം, സോസേജ് എന്നിവ, മട്ടന്‍, ബീഫ് തുടങ്ങിയ മൃഗങ്ങളുടെ മാംസവും, അവയവങ്ങളും, ചെമ്മീന്‍, കക്ക, കൊഴുപ്പടങ്ങിയ പാലും, പാലുല്‍പ്പന്നങ്ങളും, ഉണങ്ങിയ പഴങ്ങളും പരിപ്പുകളും, മൈദയും, അത് ചേര്‍ന്ന മറ്റു പലഹാരങ്ങളും എന്നിവ, കൂടാതെ മദ്യപാനശീലം പാടേ വര്‍ജ്ജിക്കണം, കൂടാതെ എല്ലാ ഭക്ഷണത്തിലും ഉപ്പിന്റെ അളവ് കുറക്കണം, ഉപ്പും സോഡിയവും കൂടുതലുള്ള ടിന്നിലടച്ച സൂപ്പും മറ്റു ഭക്ഷണങ്ങളും ഒഴിവാക്കേണ്ടവയില്‍ ഉള്‍പ്പെടും,

രക്തക്കുഴലുകളില്‍ ബ്ലോക്ക് സംഭവിക്കുംപോള്‍, ആ തടസ്സത്തെ മറികടന്ന് രക്ത ഓട്ടം സുഗമാക്കാനായി, ശരീരത്തില്‍ നിന്ന് തന്നെ എടുക്കുന്ന മറ്റൊരു രക്തക്കുഴല്‍ അല്ലെങ്കില്‍ 'ഗ്രാഫ്റ്റ്' ബ്ലോക്കിന്റെ ഇരു ഭാഗത്തുമായി തുന്നിപ്പിടിപ്പിക്കുന്നു, ഈ ശസ്ത്രക്രിയക്ക്‌ 'കൊറോണറി ആര്‍ട്ടറി ബൈപ്പാസ് ഗ്രാഫ്ടിംഗ്'അല്ലെങ്കില്‍ 'ബൈപ്പാസ് ശസ്ത്രക്രിയ' എന്ന് പറയും, രക്തക്കുഴലുകളില്‍ എവിടെയാണ് ബ്ലോക്ക്, എന്താണ് അതിന്റെ സ്വഭാവം, എത്രയിടത്ത് ബ്ലോക്കുണ്ട്, എത്ര മാത്രം രക്തഓട്ടം തടസ്സപ്പെട്ടു എന്നിവയൊക്കെ വിലയിരുത്തിയാണ് ബൈപാസ് തന്നെ വേണോ എന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്നത്, ആകെയുള്ള ഹൃദ്രോഗികളില്‍ മുപ്പതു ശതമാനത്തോളം പേരിലേ ഇത് ചെയ്യേണ്ടി വരാറുള്ളൂ, സാധാരണ ഗതിയില്‍ നാല് മുതല്‍ അഞ്ചു മണിക്കൂര്‍ നേരം ജനറല്‍ അനസ്തേഷ്യ നല്‍കി രോഗിയുടെ മിടിക്കുന്ന ഹൃദയത്തിലാണ് വിദഗ്ധനായ ഒരു സര്‍ജന്റെ നേതൃത്വത്തില്‍ ഒരു പറ്റം ഡോക്ടര്‍മാര്‍ ഈ  ശസ്ത്രക്രിയ ചെയ്യുന്നത്, ശസ്ത്രക്രിയക്ക് ശേഷം രോഗിയെ നിരീക്ഷണങ്ങള്‍ക്കായി കാര്‍ഡിയാക് സര്‍ജിക്കല്‍ ഐ സി യു വിലേക്ക് മാറ്റും, വിശ്രമത്തിന്റെ ആദ്യ ദിവസം തന്നെ രോഗിക്ക് കിടക്കയില്‍ എഴുന്നേറ്റിരുന്ന് ചായ, കാപ്പി, സൂപ് തുടങ്ങിയ പാനീയങ്ങള്‍ കഴിക്കാം, രണ്ടാം ദിവസം മുതല്‍ ലഘു ഭക്ഷണം കഴിച്ചു തുടങ്ങാം, കൂടാതെ കസേരയില്‍ എഴുന്നേറ്റിരിക്കാനും, ഐ സി യു വിനകത്ത് പതുക്കെ നടക്കാനും കഴിയും, മൂന്നാം ദിവസം വാര്‍ഡിലേക്കോ, റൂമിലേക്കോ മാറ്റും, ശസ്ത്രക്രിയ കഴിഞ്ഞ് ആറു മുതല്‍ പത്തു ആഴ്ചക്കുള്ളില്‍ കഴുത്ത്, തോള്‍, നെഞ്ച്, പുറം ഇവിടങ്ങളിലെ മാംസപേശികളില്‍ വേദന അനുഭവപ്പെടും, വെറുതേ ചൂട് വെള്ളത്തില്‍ കുളിക്കാനാണ് ഇതിന് ആലോപതിയില്‍ നിര്‍ദേശിക്കാറ്, എന്നാല്‍ അത് മതിയോ? മൂന്നു മാസം കഴിഞ്ഞ് നെഞ്ചെല്ല് പൂര്‍ണ്ണമായി ഉണങ്ങാതെ അഞ്ചു കിലോയില്‍ കൂടുതല്‍ ഭാരമുള്ള വസ്തുക്കള്‍ എടുക്കാനും രോഗികളെ അനുവദിക്കാറില്ല,

നുറുങ്ങുകള്‍ :-
മിനിറ്റില്‍ എഴുപതു തവണ വച്ച്, പ്രതി ദിനം ഒരു ലക്ഷം തവണയും, ഒരായുസ്സില്‍ ഇരുനൂറ്റി അമ്പതു കോടി തവണയും ഒരു മനുഷ്യന്റെ ഹൃദയം മിടിക്കും, ഹൃദയമാണ് ഒരു മനുഷ്യന്റെ ജീവിതത്തില്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങുന്നതും ഏറ്റവുമൊടുവില്‍ നിലക്കുന്നതും, ഒരു ദിവസം ഹൃദയം ഒന്പതിനായിരത്തോളം ലിറ്റര്‍ രക്തം പമ്പ് ചെയ്യും, ഇത് ഒരു ദിവസം ഒരു വീട്ടില്‍ വേണ്ട വെള്ളത്തിന്റെ ഒന്‍പത് ഇരട്ടിയോളം വരും, കുട്ടികളില്‍ പള്‍സ് നിരക്ക് മിനിറ്റില്‍ തൊണ്ണൂറിനും നൂറ്റി ഇരുപതിനും ഇടയിലാണ്, എന്നാല്‍ മുതിര്‍ന്നവരില്‍ ഇത് ശരാശരി എഴുപത്തി രണ്ട് ആണ്, ശരീരത്തില്‍ ആകെ മൊത്തം അഞ്ചര ലിറ്റര്‍ രക്തം ഉണ്ട്, ഇത് മിനിറ്റില്‍ മൂന്ന് തവണ വച്ച് ശരീരം മൊത്തം ചുറ്റി വരും, ഒരു ദിവസം ആകെ പത്തൊന്‍പതിനായിരത്തോളം കിലോമീറ്റര്‍ ഇത് സഞ്ചരിക്കും,

1 comment: