Thursday, September 27, 2012

ഗ - വു - ട്ട് ........ ഗൌട്ട് !...ഗൌട്ടേ!!


[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ ഡോക്ടര്‍ ബി. പത്മ കുമാര്‍ എഴുതിയ ഒരു ലേഖനത്തിന്റെ റിവ്യൂ ആണ് താഴെ, ഡോക്ടര്‍ സുഹൃത്തുക്കള്‍ക്ക് ഉപകാരപ്പെടുമെന്ന സദുദ്ദേശത്തില്‍ ആണ് എഴുതിയിരിക്കുന്നത്]

ഗൌട്ട് രോഗികള്‍ യൂറിക് ആസിഡ് എന്ന് കേള്‍ക്കുംപോഴേ നിലവിളിക്കും, കാരണം അവരുടെ സന്ധികളില്‍ വേദനയുടെ തീ കോരിയിടാന്‍ ഈ പ്രപഞ്ചത്തില്‍ ഒന്നിനേ കഴിവുള്ളൂ, അത് യൂറിക് ആസിഡ് ആണ്, അത് അവര്‍ക്ക് അറിയുകയും ചെയ്യാം, അത് കൊണ്ടാണല്ലോ 'പ്രസവ വേദന സഹിക്കാം, ഗൌട്ടിന്റെ വേദന അസഹനീയം' എന്ന് എട്ടും പത്തും പെറ്റ അമ്മമാര്‍ കൂട്ടത്തോടെ ആശുപത്രി വാര്‍ഡുകളില്‍ കിടന്ന്നി ലവിളിക്കുന്നത്, സുഹൃത്തുക്കളേ ആ 'ഗൌട്ടാണ്' താഴെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പതിനൊന്ന് പാരഗ്രാഫുകളില്‍ 'യൂറിക് ആസിഡു'മായുള്ള  തന്റെ ദാമ്പത്യ ജീവിതത്തെ തലനാരിഴ കീറി പരിശോധിക്കുന്നത്‌, ശേഷം സ്ക്രീനില്‍ ....

1] മനുഷ്യനെ ബാധിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന രോഗങ്ങളില്‍ ഒന്നാണ് ഗൌട്ട്, ഈജിപ്ഷ്യന്‍ മമ്മികളില്‍ ഗൌട്ടിനു സമാനമായ സന്ധി ഘടനാ വൈകല്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഗൌട്ടിന്റെ ചരിത്രത്തില്‍  രസകരമായിട്ട് തോന്നിയത് അതിനേ കുറിച്ചുള്ള 'ഹിപ്പോക്രാട്ടിസി'ന്റെ പരാമര്‍ശം ആണ്, "സ്ത്രീകളില്‍ ആര്‍ത്തവം അവസാനിക്കാതെ ഉണ്ടാവാത്തതും, ഒരിക്കല്‍ ഉണ്ടായാല്‍ നാല്പതു ദിവസത്തേക്കെങ്കിലും തുടര്‍ച്ചയായി സന്ധികളില്‍ നീരും വേദനയും ഉണ്ടാക്കുന്നതും ആയ രോഗമാണ് ഗൌട്ട് എന്നാണ് അദ്ദേഹത്തിന്റെ കണ്ടു പിടുത്തം, 'ഗൌട്ട്' എന്ന വാക്ക് ഉണ്ടായത് തന്നെ 'തുള്ളി' എന്നര്‍ത്ഥമുള്ള 'ഗട്ട' എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് , പദ വ്യുല്‍പത്തിക്കനുസരിച്ച് ഭൂതങ്ങളാണ് തുള്ളി തുള്ളിയായി സന്ധികളില്‍ വിഷദ്രാവകം ഇറ്റിച്ച്‌ ഈ രോഗം ഉണ്ടാക്കുന്നത്, സര്‍ 'ആല്ഫ്രെഡ് ഗാരോസ്' എണ്ണൂറ്റി നാല്പത്തിയെട്ടില്‍ ഗൌട്ടിന്റെ കാരണക്കാരന്‍ 'യൂറിക്ആസിഡ്' ആണ് എന്ന് കണ്ടെത്തുന്നത് വരെ ഈ അന്ധവിശ്വാസം തുടര്‍ന്നു.

2] ഇന്ന് ഗൌട്ടിന്റെ നിരക്ക് വളരെയധികം കൂടി വരുന്നുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമീണരില്‍ ഇത് ആയിരത്തിലൊന്ന് മാത്രമാണെങ്കില്‍, ദക്ഷിണേന്ത്യയിലെ ഒരു നഗരത്തില്‍ മാത്രം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്, പതിനഞ്ചു ശതമാനത്തോളം വരുന്ന രോഗികള്‍, മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണെന്നാണ്‌, ആഡംബരമായി ജീവിതം നയിക്കുന്ന പുതുതലമുറയുടെ ജീവിത ശൈലീ രോഗമായി വേണമെങ്കില്‍ ഇതിനെ കണക്കാക്കാം, ഫാസ്റ്റ് ഫുഡ്‌ ഭക്ഷണം, മദ്യപാനം, പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്കാ തകരാറുകള്‍, ഡയബറ്റിസ്, 'ടൈയൂറട്ടിക്സ്' മരുന്നുകളുടെ വ്യാപക ഉപയോഗം, ഉയരുന്ന ആയുര്‍ ദൈര്‍ഘ്യം ഇവയൊക്കെ ഇവരില്‍ ഗൌട്ടിന്റെ വളര്‍ച്ചാ നിരക്ക് കൂട്ടുന്ന ഘടകമായി.

3] മിക്കവാറും ആളുകളില്‍ രാത്രി രണ്ടിനും ഏഴിനും ഇടയിലുള്ള സമയത്താണ് ഗൌട്ട് ആദ്യമായി പ്രകടമാകുന്നത്, തൊണ്ണൂറു ശതമാനം പേരിലും ഇത് കാലിന്റെ പെരുവിരല്‍ സന്ധിയില്‍ വേദന, നീര്, ചൂട്, ചുവപ്പ്, തൊടുന്നതിലുള്ള അസഹ്യത ആയാണ് തുടങ്ങുന്നത് , ബാക്കിയുള്ള പത്തു ശതമാനം പേരില്‍ ഇത് കണങ്കാല്‍, ഉപ്പൂറ്റി, കാല്‍മുട്ട്, മണിബന്ധം, കൈവിരല്‍, കൈമുട്ട് ഇവിടങ്ങളിലെ സന്ധികളെ ആശ്രയിച്ചും, മുന്‍പ് ഏതെങ്കിലും തരത്തില്‍ പരുക്കുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവിടങ്ങളിലായിരിക്കും ഈ രോഗം ആദ്യം ബാധിക്കുക, ഇരു കൂട്ടരിലും വേദന ആദ്യത്തെ മണിക്കൂറില്‍ തന്നെ മൂര്‍ധന്യത്തിലെത്തുമെങ്കിലും, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് മാറും, മറ്റു ലക്ഷണങ്ങള്‍ ഒരാഴ്ച കൊണ്ടും ശമിക്കും, ചികിത്സക്കായി വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാത്ത പക്ഷം ആറു മാസം തൊട്ട് രണ്ടു വര്‍ഷം വരെയുള്ള ഇടവേളയില്‍ ഇത് വീണ്ടും ആവര്‍ത്തിക്കാനാണ് സാധ്യത, വേദനയും നീര്‍ക്കെട്ടും ആദ്യത്തെ ആഘാതത്തെ അപേക്ഷിച്ച് കുറവായിരിക്കും എന്നത് മാത്രമേ മെച്ചമായിട്ടുണ്ടായിരിക്കൂ, ശരിയായി ചികിത്സ ചെയ്തില്ലെങ്കില്‍ പത്തു വര്‍ഷത്തിനു ശേഷം ഇത് വീണ്ടും ഒന്നിലധികം സന്ധികളെ ബാധിച്ചു ഒരു ദീര്‍ഘകാല സന്ധിവാതരോഗമായി മാറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല, ശരീരത്തില്‍ നിന്നും യഥാസമയം വിസര്‍ജ്ജിക്കപ്പെടാത്ത യൂറിക് ആസിഡ് വര്‍ഷങ്ങള്‍ കൊണ്ട് പരലുകളായി രൂപാന്തരപ്പെടുകയും, അത് കൈവിരലുകള്‍, കാല്‍മുട്ടുകള്‍, ചെവി, സ്നായുക്കള്‍ തുടങ്ങിയ ശരീര ഭാഗങ്ങളില്‍ തടിപ്പുകളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു, ഇതിനു 'ടോഫൈ' എന്ന് പറയും, തുടര്‍ന്ന് ടോഫൈയുടെ മുകളില്‍ വ്രണമുണ്ടാവുകയും, അത് പൊട്ടി വെളുത്ത പേസ്റ്റ് രൂപത്തില്‍ യൂറിക് ആസിഡ് പുറത്തു വരുകയും ചെയ്യുന്നു, നീര് വച്ച സന്ധിയില്‍ നിന്നും കുത്തിയെടുക്കുന്ന ദ്രാവകത്തില്‍ കാണപ്പെടുന്ന യൂറിക് ആസിഡ് പരലുകളാണ് രോഗനിര്‍ണയത്തിന് സഹായിക്കുന്നത്, കൂടാതെ രോഗിയുടെ രക്തത്തിലെ യൂറിക് ആസിഡ് അളവും കൂടിയിരിക്കും, എക്സ്-റെ പരിശോധനയില്‍ സന്ധികളിലെ അസ്ഥി ദ്രവിച്ചിരിക്കുന്നതായും, നീര്‍വീക്കം വ്യാപിച്ചിരിക്കുന്നതായും കാണാവുന്നതാണ്,

4] ഗൌട്ടിനെ ചികിത്സിക്കാന്‍ വേദനാസംഹാരികളാണ് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്, ആറാം നൂറ്റാണ്ടില്‍ 'കൊള്‍ക്കിസം ഓട്ടംനേല്‍' എന്ന ചെടിയില്‍ നിന്നും 'കൊള്‍ക്കിസൈന്‍ 'എന്ന മരുന്ന് വേര്‍തിരിച്ചെടുത്തു ഉപയോഗിച്ച് തുടങ്ങി, ഈ ഗുളികകള്‍ പത്തു മണിക്കൂറിനുള്ളില്‍ പത്തെണ്ണം കഴിച്ചിട്ടും സന്ധി വേദന കുറഞ്ഞില്ലെങ്കില്‍ അത് ഗൌട്ട് കൊണ്ടല്ലെന്ന് മനസ്സിലാക്കാനുള്ള നിര്‍ദേശം ഉണ്ട്, 'അലോപ്യൂരിനോള്‍' എന്ന മരുന്ന് ആണ് അടുത്തതായി ഉപയോഗിച്ചത്, ഇതിനു പക്ഷേ വൃക്കയ്ക്ക് തകരാറുകളുണ്ടാക്കുക, അല്ലര്‍ജി ഉണ്ടാക്കുക എന്നീ  ഉപദ്രവങ്ങള്‍ ഉള്ളതിനാല്‍ ഏറെ ഉപയോഗിക്കാറില്ല, ഏകദേശം അരനൂറ്റാണ്ടായി മേല്‍പ്പറഞ്ഞ മൂന്നുമാണ് ഗൌട്ടിനുള്ള അലോപതി ചികിത്സ, 'ഫെബുക്സോസ്ടാറ്റ്' എന്ന മരുന്നാണ് ഈയിനത്തില്‍ പുതു മുഖം, അത് വന്നതില്‍ പിന്നെയാണ് ചികിത്സക്ക് തന്നെ ഏറെക്കുറെ മാറ്റം സംഭവിച്ചത്, 'ഫെബുക്സോസ്ടാറ്റ്' യൂറിക് ആസിഡ് ഉത്പ്പാദനത്തെ ഗണ്യമായി കുറക്കുന്നു, കൂടാതെ അല്ലര്‍ജി പോലുള്ള പാര്‍ശ്വ ഫലങ്ങളും ഉണ്ടാക്കുന്നില്ല, ഇത് പക്ഷേ വേദന സംഹാരികള്‍, 'കൊള്‍ക്കിസൈന്‍' എന്നിവ കൊണ്ട് സന്ധികളുടെ വേദന, നീര് എന്നിവ നിയന്ത്രിച്ചതിന് ശേഷമാണ് ഉപയോഗിക്കേണ്ടത്, ദീര്‍ഘനാള്‍ ഉപയോഗിക്കേണ്ടിയും വരുന്നതായി കാണുന്നുണ്ട്.

5] യൂറിക് ആസിഡിനെ കുറിച്ച് പറഞ്ഞു, ഇനി എന്താണ് യൂറിക് ആസിഡ്? എങ്ങിനെയാണ് അത്ശ രീരത്തില്‍ ഉണ്ടാകുന്നത് ? കോശങ്ങളിലെ ഡി. എന്‍. എ., ആര്‍. എന്‍. എ. എന്നിവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്യൂരിന്‍-പിരമിടിന്‍ എന്ന ഒരു തരം ബോണ്ടുകള്‍ കൊണ്ടാണ്, കോശങ്ങളുടെ മെറ്റബോളിസം, ജീനുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഈ ഘടകങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇവ ശരീരത്തിലേക്കെത്തുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ്, ശരീരം തന്നെ കുറച്ച് ഉത്പാദിപ്പിക്കുന്നുമുണ്ട്‌, ഇതില്‍ 'പ്യൂരിന്റെ' വിഘടന ഫലമായി സരീരത്തില്‍ സഞ്ചിതമാകുന്ന വിസര്‍ജ്യ പദാരഥമാണ് യൂറിക് ആസിഡ്, പരിണാമ ശ്രേണിയിലെ ചെറുജീവികളില്‍ ഈ യൂറിക്ആസിഡിനെ നിര്‍വീര്യമാക്കാനുള്ള 'യൂറിക്കേസ്' എന്ന എന്‍സൈം ഉണ്ട്, എന്നാല്‍ മനുഷ്യനില്‍ യൂറിക്കേസ് ഇല്ലാത്തതു കൊണ്ട് ഉണ്ടാക്കപെടുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗവും വൃക്കകള്‍ വഴിയായും ബാക്കിയുള്ള മൂന്നില്‍ ഒരു ഭാഗം കുടല്‍ വഴിയായും ശരീരത്തിന് വെളിയിലേക്ക് പോവുന്നു.

6] രക്തത്തില്‍ യൂറിക് ആസിഡ് സാധാരണ നിലയിലാ ണ് എന്ന് പറഞ്ഞാല്‍ പുരുഷന്മാരില്‍ ഇത് 2.5 നും 7 നും ഇടയിലാണെന്നും, സ്ത്രീകളില്‍ ഇത് 1.5 നും 6 നും ഇടയിലാണെന്നും കുട്ടികളില്‍ 3 നും 4 നും  ഇടയിലാണെന്നും മനസ്സിലാക്കണം, എല്ലാ അളവുകളും മില്ലീ ഗ്രാം പെര്‍ ഡെസി ലിറ്ററില്‍ വായിക്കണം, സ്ത്രീകളില്‍ ആര്‍ത്തവം ഉള്ളപ്പോള്‍ യൂറിക് ആസിഡ് ഉയരാതെ കാക്കുന്നത് അവരില്‍ ഉള്ള 'ഈസ്ട്രോജന്‍ എന്ന ഹോര്‍മോണാണ്, ഈ ഹോര്‍മോണിന് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്

7] യൂറിക് ആസിഡ് ദീര്‍ഘ കാലമായി 7 ല്‍ കൂടുതലായി കാണുന്ന പുരുഷന്മാര്‍ക്ക്, കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രം ഗൌട്ടിനുള്ള മരുന്ന് കഴിച്ചാല്‍ മതിയാകും, കാരണം മരുന്നുകളില്‍ ഏറെയും പാര്‍ശ്വ ഫലങ്ങള്‍ കൂടുതലുള്ളവയാണ്, ഇത് ഒരിക്കല്‍ ഗൌട്ടിന്റെ പ്രശ്നങ്ങള്‍ ഉണ്ടായവര്‍ക്കും, വൃക്കയില്‍ കല്ലിന്റെ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ബാധകമല്ല, അവര്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും മരുന്ന് കഴിക്കണം, എന്നാല്‍ അളവ് 12 ല്‍ കൂടുതലാണെങ്കില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ പോലും ചികിത്സ സ്വീകരിക്കണം, അര്‍ബുദ ചികിത്സക്ക് മുന്നോടിയായി യൂറിക് ആസിഡ് കുറക്കാനുള്ള മരുന്ന് നല്‍കാറുണ്ട്, ഇത് യൂറിക് ആസിഡ് അളവ് പെട്ടന്ന് കൂടുന്ന ആളുകള്‍ക്ക് മാത്രം ചെയ്‌താല്‍ മതിയാകും.

8] യൂറിക് ആസിഡ് ശരീരത്തില്‍ കൂടി കാണപ്പെടുന്നത് പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്, ഇതില്‍ ഒന്നാമത്തേത് വൃക്കകള്‍ തകാരാറിലാവുന്നത് മൂലം യൂറിക് ആസിഡിന്റെ വിസര്‍ജ്ജനത്തില്‍ വരുന്ന തകരാറുകള്‍ ആണ്, ഏകദേശം തൊണ്ണൂറു ശതമാനത്തോളം വരും ഇത്, സോറിയാസിസ്, ലുക്കീമിയ, അര്‍ബുദ രോഗങ്ങള്‍, അര്‍ബുദത്തിനുള്ള ചികിത്സയുടെ പ്രതിപ്രവര്‍ത്തനം, മാംസം അമിതമായിട്ടുള്ള ഭക്ഷണം എന്നിവ ഇതില്‍ ഉള്‍പ്പെടും, അമിത ഉത്പാദനത്താല്‍ സംഭവിക്കുന്ന രണ്ടാമത്തെ വിഭാഗം ആകെ പത്തു ശതമാനമേ ഉള്ളൂ, ഇതില്‍ ദീര്‍ഘകാല വൃക്കാരോഗങ്ങള്‍, വൃക്കാസ്തംഭനം, തൈറോയ്ടിന്റെ പ്രവര്‍ത്തനം മന്ദിക്കുക, പാരാ തൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, ടൈയൂറെടിക്സിന്റെ അമിതമായ ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തു പോവുക, കൊഴുപ്പ് രക്തത്തില്‍ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു, മദ്യപാനം മേല്‍പ്പറഞ്ഞ രണ്ടു വിഭാഗത്തിലും ഉള്‍പ്പെടുന്നത് കൊണ്ട് യൂറിക് ആസിഡ് കൂടിയാല്‍ 'മദ്യപാനം' പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കണം, കൂടാതെ ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുക, രക്തത്തിലെ കൊഴുപ്പ്, ഷുഗര്‍ എന്നിവ നിയന്ത്രിക്കുക, മാംസം, പയറു വര്‍ഗങ്ങള്‍, കടല്‍ മത്സ്യങ്ങള്‍ എന്നിവ മിതമായി കഴിക്കുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, ദിവസവും എട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക, സന്ധികള്‍ക്ക് തുടര്‍ച്ചയായി സംഭവിക്കുന്ന പരുക്കുകള്‍ക്ക് ശരിയായ ചികിത്സ തേടുക, ഏതൊക്കെ മരുന്നുകളാണ് കഴിക്കുന്നതെന്ന് ചികിത്സിക്കുന്ന ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തുക, വേദന സംഹാരികള്‍ മിതമായി മാത്രം ഉപയോഗിക്കുക എന്നിവ നിര്‍ബന്ധമായും ചെയ്തിരിക്കണം,

9] പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, രക്തത്തിലെ അമിത കൊഴുപ്പ്, എന്നിവയെ ഒരുമിച്ച് 'മെറ്റബോളിക് സിണ്ട്രോം' എന്ന് പറയാവുന്നതാണ്, മിക്കവാറും ആളുകളില്‍ ഇതിന്റെ കൂടെ യൂറിക് ആസിഡും ഉയര്‍ന്നു കാണപ്പെടുന്നുണ്ട്, ഇന്‍സുലിന്‍ പ്രതിരോധത്തെ തുടര്‍ന്ന് ഇന്‍സുലിന്റെ പ്രവര്‍ത്തന ശേഷി കുറയുകയും, കരളില്‍ നിന്നും വൃക്കകളില്‍ നിന്നും കൂടുതല്‍ ഗ്ലൂകോസ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു, അതിന്റെ ഫലമായി പേശികളിലേക്കും കൊഴുപ്പ് കലകളിലേക്കുമുള്ള ഗ്ലൂക്കോസിന്റെ ആഗിരണത്തിന് കുറവ് സംഭവിക്കുന്നു, ഇങ്ങിനെയാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിച്ച് പ്രമേഹമുണ്ടാവുന്നത്, ഈ പ്രതിരോധം മറികടക്കാന്‍ ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുകയും, ഇത് വൃക്കകള്‍ വഴിയുള്ള യൂറിക് ആസിഡിന്റെ വിസര്‍ജ്ജനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു, 'മെറ്റബോളിക് സിണ്ട്രോം' ഉള്ളവര്‍ക്ക് ധമനീ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്, 'ഫ്രെമിംഗ്ഹാം ഓഫ്സ്പ്രിങ്ങി'ന്റെ പഠനം ഇതിലേക്ക് വെളിച്ചം വീശുന്നു, അതിനനുസരിച്ച് 'മെറ്റബോളിക് സിണ്ട്രോം' നൊപ്പം ഉയര്‍ന്ന യൂറിക് ആസിഡും ഉള്ളവര്‍ക്ക് പക്ഷാഘാതവും ഹൃദ്രോഗവും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്, ഇവരുടെ കൈകാലുകളിലേക്കുള്ള ധമനികളിലേക്കും തടസ്സം ഉണ്ടാവാം, ഹൃദ്രോഗത്തിനുപയോഗിക്കുന്ന ആസ്പിരിന്‍, രക്തസമ്മര്‍ദം കുറക്കാനുപയോഗിക്കുന്ന 'ടൈയൂറെടിക്സ്' വിഭാഗത്തില്‍ പെടുന്ന 'തയാസൈഡുകള്‍' എന്നിവ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നവയാണ്, കൊളസ്ട്രോളിനുപയോഗിക്കുന്ന 'സ്ടാറ്റിനുകള്‍', ഗൌട്ടിന്റെ ചികിത്സക്കുപയോഗിക്കുന്ന 'കോള്‍ക്കിസൈനു'മായി പ്രതിപ്രവര്‍ത്തിച്ച് പേശീക്ഷയം എന്ന ഉപദ്രവം ഉണ്ടാക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

10] യൂറിക് ആസിഡ് വളരെ കൂടുതലായാല്‍ വൃക്കയില്‍ കല്ല്‌, വൃക്ക സ്തംഭനം എന്നീ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഉണ്ടാകാം, അളവ് പതിമൂന്നില്‍ കൂടിയ അന്‍പതു ശതമാനം പേരിലും വൃക്കയില്‍ കല്ലുണ്ടാവും, മറ്റൊരു രീതിയിലും യൂറിക് ആസിഡ് കല്ലായി പരിനമിക്കാം, യൂറിക് ആസിഡ് പരലുകള്‍ ഒരു ന്യൂക്ലിയസ് പോലെ പ്രവര്‍ത്തിക്കുകയും അതിനു ചുറ്റും കാല്‍സിയം ഓക്സലേറ്റ് അടിഞ്ഞു കൂടി കല്ലുണ്ടാകുകയുമാണ് ചെയ്യുന്നത്. ഈ പരലുകള്‍ വൃക്കനാളിയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുന്നത് ഗുരുതരമായ വൃക്കാസ്തംഭനത്തിന് കാരണമാകുന്നു, യൂറിക് ആസിഡ് അനിയന്ത്രിതമായി ഉയരുന്നത് ലിംഫോമ, ലുക്കീമിയ തുടങ്ങിയ അര്‍ബുദ രോഗങ്ങളില്‍, ചികിത്സയെ തുടര്‍ന്ന് അര്‍ബുദ കോശങ്ങള്‍ പെട്ടന്ന് നശിക്കുംപോഴും, അതി കഠിനമായ വ്യായാമ ശീലത്തെ തുടര്‍ന്നും, അപസ്മാര ബാധയെ തുടര്‍ന്നും ആണ്. അത് കൊണ്ട് ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ ശരിയായ മുന്‍കരുതലുകള്‍ എടുത്തു വേണം ചികിത്സ ആരംഭിക്കാന്‍, ഇത് ഇപ്പോള്‍ ചെയ്തു വരുന്നുണ്ട്.

11] യൂറിക് ആസിഡിന്റെ അളവ് വളരെ ഉയര്‍ന്നിരിക്കുന്നവരില്‍ രക്തക്കുഴലുകളുടെ ഉള്‍ഭിത്തികളില്‍ പൊതുവേ ഘടനാ പരമായ മാറ്റങ്ങള്‍ കാണുന്നുണ്ട്, ഇവിടങ്ങളില്‍ പ്ലേറ്റ്ലെട്ടുകള്‍ കൂടിചേര്‍ന്ന് രക്തം കട്ട പിടിച്ചാണ് പിന്നീട്ഹൃ ദ്രോഗം ഉണ്ടാകുന്നത്. ഇങ്ങനെയുള്ളവരില്‍ രോഗത്തിന്റെ സകീര്‍ണ്ണത കൂടുതലായിരിക്കുകയും സുഖപ്രാപ്തിക്ക് കാല താമസം നേരിടുകയും ചെയ്യും, ഹൃദയസ്തംഭനം ഉണ്ടായവരില്‍ ആണ് ഏറെ വിഷമതകള്‍ ഉണ്ടാവുക, പരംപരാഗത കാരണങ്ങളായ ഹൈപ്പര്‍ ടെന്‍ഷനും, പ്രമേഹവും, കൊളസ്ട്രോളും കൂടാതെ തന്നെ ഹൃദ്രോഗികളില്‍ യൂറിക് ആസിഡ് ഉയരുന്നു എന്നുള്ളത് ഗവേഷണ ബുദ്ധിയോടെ നോക്കി കാണേണ്ട ഒരു വിഷയമാണ്,

ശുഭം

3 comments:

  1. എനിക്കും പെരുവിരലിനു അടിയിൽ ചില സമയത്ത് അസഹ്യമായ വേദന ഉണ്ടാകാറുണ്ട് .യൂറിക് ആസിടിനു മരുന്നും കഴിക്കുന്നുണ്ട് (സയ്ലൊരിക് ).എന്നിട്ടും വേദനക്ക് കുറവൊന്നും ഇല്ല .

    ReplyDelete
  2. എന്റ യൂറിക് ആസിഡ് അളവ് 6.8 ആണ്. ഞാൻ ചികിത്സ തേടേണ്ടതുണ്ടോ?

    ReplyDelete