Tuesday, September 25, 2012

ഇനി ഞാന്‍ ഉറങ്ങട്ടെ...

[കടപ്പാട് : പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയിലെ ലേഖനം.]

അബ്ദുള്ളാക്കാന്റെ അഭിപ്രായത്തില്‍ ഗിന്നസ്സുകാര് രണ്ടു പ്രധാന അവാര്‍ഡ് കൊടുക്കാന്‍ വിട്ടു പോയിട്ടുണ്ട്, ഒന്ന് നീണ്ട പതിമൂന്നു വര്‍ഷം തുടര്‍ച്ചയായി ഉറങ്ങിയ ആദാമിന് അതിനുള്ള അവാര്‍ഡും, ഉറങ്ങിയെണീറ്റപ്പോള്‍ കണ്ട പൊക്കിള്‍ കലയില്‍ ഏറെക്കാലം തടവി പരുവപ്പെട്ട മുഴയില്‍ നിന്നും വാരിയെല്ലോട് കൂടി ഉയിര്‍ കൊണ്ട ഹവ്വക്ക് ആദ്യത്തെ ക്ലോണിംഗ് ശിശുവിനുള്ള അവാര്‍ഡും, അതവര്‍ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ, ഹവ്വയെ ആദ്യം കണ്ടപ്പോള്‍ ഒരേ സമയം ആദാമിന് കൌതുകവും അംപരപ്പും ഉണ്ടായിയത്രേ, കാരണം മാറത്തു രണ്ട് തുടുത്ത മാംപഴവും ആയി ഇരു കൈകളാലും അരക്കെട്ട് മറച്ചും നില്‍ക്കുകയായിരുന്നല്ലോ ഹവ്വ ആദാമിന് മുന്നില്‍. ഒരു അപരിചതന് എന്ത് കാണിക്കണം എന്ത് പാടില്ല എന്ന് ഹവ്വ പാലിച്ച ആ അലിഖിത നിയമം ഇന്നും പാലിക്കപ്പെട്ടു പോരുന്നുണ്ട്,

അബ്ദുള്ളക്കയ്ക്ക് ഈ കഥ കേട്ടപ്പോള്‍ കൌതുകം തോന്നിയ ഭാഗം ആദമിന്റെ ഉറക്കം ആണ്, തുടര്‍ന്ന് ഉറക്കത്തെക്കുറിച്ച് തന്റെ നിരീക്ഷണങ്ങളാണ് ഇക്കാ പങ്കു വക്കുന്നത്, സൌദിയില്‍ ആളുകള്‍ക്ക് രണ്ടു ഷിഫ്റ്റ്‌ ആയിട്ടാണ് ജോലി. അത് കൊണ്ട് അവിടെയൊക്കെ ഉറക്കം രണ്ടു നേരമാണത്രേ, അങ്ങിനെയാണ് അബ്ദുല്ലാക്ക പകലുറക്കത്തില്‍ കിനാവുകള്‍ കാണാന്‍ തുടങ്ങിയതു, ഉറക്കം കൂടിയാല്‍ മദ്യപിച്ചു മത്തനായവന്റെ അവസ്ഥയും കുറഞ്ഞാല്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതും ഇക്കയുടെ തുടര്‍ന്നുള്ള ചില നിരീക്ഷണങ്ങളാണ്, ഉറക്കം കൂട്ടിവച്ചു ചെയ്തു തീര്‍ക്കാവുന്ന ഒരു ഹോം വര്‍ക്ക് അല്ലെന്നും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്, ഉറക്കത്തിന്റെ ഫിലോസഫിയേക്കുറിച്ചും ഇടക്ക് വാചാലനാകുന്നുണ്ട്, ഉറക്കത്തില്‍ ശരീരത്തിന്റേയും മനസ്സിന്റേയും ബോധം അല്ലെങ്കില്‍ 'സെല്‍ഫ്' മറഞ്ഞ് പോയി സുഖം, ദുഃഖം, വേദന എന്നിങ്ങനെയുള്ള വികാരങ്ങളെല്ലാം നിശ്ശേഷം പോയി, സ്വയം ഇല്ലാതെയാവുന്ന ഉറക്കം, നിശ്ചിതമായ മരണത്തിലേക്കുള്ള നമ്മുടെ പരിണാമം ആണെന്ന് ഇക്ക സൂചിപ്പിക്കുന്നു, നിത്യം ഇത് പരിശീലിപ്പിക്കുന്നത് 'നിയതി'യുടെ ഒരു ലീലയാണെന്ന് പറഞ്ഞു കൊണ്ടാണ് ആ ഭാഗം ഇക്ക അവസാനിപ്പിക്കുന്നത്.

ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍ ഒരു 'ബയോളജിക്കല്‍ ക്ലോക്കു'ണ്ടെന്നും അതിന്റെ പ്രവര്‍ത്തനം എങ്ങനെ ക്രമീകരിക്കാമെന്നും ഇക്ക തുടര്‍ന്ന് പറയുന്നു, ഉറങ്ങുന്ന സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 'മെലാടോണിന്‍' എന്ന ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചാണ് 'ജെറ്റ്ലാഗ്' പോലുള്ള അവസ്ഥകള്‍, അതായത് ഭൂഗോളത്തിന്റെ മറുഭാഗത്ത്‌ വിമാനത്തില്‍ എത്തി ചേര്‍ന്നാല്‍ ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങളില്‍ നമ്മള്‍ക്കുണ്ടാകുന്ന പകലുറക്കം, പരിഹരിക്കുന്നതെന്നും ഇക്ക വെളിപ്പെടുത്തുന്നു, ഉറക്കത്തെ ഉണ്ടാക്കാന്‍ 'ട്രിപ്ടോഫാന്‍' എന്ന അമിനോആസിഡ് അടങ്ങിയ ചൂടു പാല്‍, വാഴപ്പഴം, തേന്‍, മുട്ട എന്നിവ കഴിക്കണമെന്നും, ഉറക്കാതെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ അതായത് ഉറങ്ങുന്നതിനു മുന്‍പ് മദ്യപിക്കുക, വെള്ളം കുടിക്കുക, എരിവും പുളിയും അമിതമായി കഴിക്കുക, വറുത്തത് കഴിക്കുക, ചായ, കാപ്പി ഇവ കുടിക്കുക, 'കഫീന്‍' അടങ്ങിയ ഗുളികകള്‍ കഴിക്കുക എന്നിവ ഒഴിവാക്കണമെന്നും പറയുന്നുണ്ട്,

തൊണ്ണൂറു മിനിട്ട് ദൈര്‍ഘ്യമുള്ള സൈക്കിളുകള്‍ ആയിട്ടാണ് നമ്മള്‍ ഉറങ്ങുന്നത്, ആദ്യത്തെ സൈക്കിള്‍ 'നോണ്‍ റാപ്പിഡ് ഐ മൂവ്മെന്റ്' എന്നും രണ്ടാമത്തേത് കൃഷ്ണമണികള്‍ ചലിച്ചു തുടങ്ങുന്ന 'റാപ്പിഡ് ഐ മൂവ്മെന്റും', ഉറക്കത്തിന് ടൈം പീസ്‌ വക്കുകയാണെങ്കില്‍ എപ്പോഴും ഒന്നരയുടെ ഗുണിതങ്ങളായി വേണം വക്കാന്‍, കൂടാതെ ഓരോ പ്രായക്കാര്‍ക്കും എത്ര മാത്രം ഉറക്കം വേണമെന്നതും പറഞ്ഞു ഇക്ക ഈ ലേഖനം അവസാനിപ്പിക്കുന്നു,

ഡോക്ടര്‍ സുഹൃത്തുക്കള്‍ ഇതൊന്ന് വായിച്ചിരിക്കുന്നത് നല്ലതാണെന്ന സദുദ്ദേശമാണ് ഈ 'ആര്‍ട്ടിക്കിള്‍ റിവ്യൂ'വിന് പിന്നില്‍ :-)))

[രണ്ടു മാസം പ്രായം വരെ പതിനെട്ടു മണിക്കൂറും, ഒരു വയസ്സ് വരെ പതിനഞ്ചും, മൂന്നു വയസ്സ് വരെ പതിനാലും, അഞ്ചു വയസ്സ് വരെ പതിമൂന്നും, പന്ത്രണ്ടു വയസ്സ് വരെ പതിനൊന്നും, പതിനെട്ടു വയസ്സ് വരെ പത്തും, അതിനു മുകളില്‍ പ്രായമുള്ളവര്‍ ഒന്‍പതും മണിക്കൂര്‍ ഉറങ്ങണമെന്നാണ് പറയപ്പെടുന്നത്.]

No comments:

Post a Comment