Wednesday, October 3, 2012

പിതാവിന്റെ തൂവെള്ള മാളിക മുകളിലെ മേഘങ്ങള്‍ക്കിടക്ക് തിളങ്ങി, പച്ചപ്പുല്ലു മേട്ടില്‍ അവളെ ഓര്‍ത്ത്‌ ഞാന്‍ മലര്‍ന്നു കിടന്നു, ഓടിയടുക്കുന്ന അവളുടെ പദചലനം എന്റെ മിഴി തുറന്നു, തുടുത്ത ഒരു ആപ്പിള്‍ പഴം കൊതിപ്പിച്ചു കൊണ്ട് അവളെനിക്ക്‌ നീട്ടി, പാതി കടിച്ച് ഞാനതവള്‍ക്ക് തിരികേയും നല്‍കി, ആപ്പിള്‍ ചവക്കുന്നതിനിടയിലും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു അവള്‍, അന്നാദ്യമായി തിളങ്ങുന്ന വാഴപ്പോള പോലെയുള്ള അവളുടെ കഴുത്തിലെ ഇളം മഞ്ഞ നിറത്തിലുള്ള ആ ചിത്രശലഭത്തെ ഞാന്‍ കണ്ടു, ഇറങ്ങി പോകുന്ന ഓരോ ആപ്പിള്‍ കഷണവും അതിന്റെ ചിറകുകള്‍ പിടപ്പിച്ചു, ചിറകുകളുടെ നിറം ക്രമേണ മാറി വന്നു, ആദ്യം ഇളം നീല നിറം, പിന്നെ കടുത്ത നീലയും, അതിവേഗം ആ നീല നിറം അവളില്‍ വ്യാപിച്ചു, എനിക്ക് മുകളിലേക്ക് കുഴഞ്ഞു വീണ അവളുടെ മരവിച്ച ശരീരത്തില്‍ തട്ടി എന്റെ ശ്വാസം വഴി മുട്ടി, മാനത്തു ഒരു കാറിനുള്ള കോളുണ്ടായിരുന്നു അപ്പോള്‍ [ആദാമിന്റെ ഡയറിക്കുറിപ്പില്‍ നിന്നും, ഒരു പക്ഷേ ഇതായിരിക്കണം ആദ്യത്തെ രോഗബാധ] 

[മാര്‍ച്ച് മാസത്തിലെ മാതൃഭൂമി ആരോഗ്യമാസികയിലെ 'തൈറോയിഡ്' ലേഖനത്തിന്റെ സിനോപ്സിസ്]

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ 'തൈറോയിഡ്' ഹോര്‍മോണുകള്‍ക്ക് വലിയ പങ്കാണുള്ളത്, 'തൈറോയിഡ്' ശരിയായി പ്രവര്‍ത്തിക്കാത്ത ഒരു വ്യക്തിയില്‍ ശാരീരിക, മാനസിക, വൈകാരിക സംഘര്‍ഷങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം, സ്ത്രീകളില്‍ ആകാംക്ഷ, ഉറക്കക്കുറവ്, സ്ട്രെസ്സ്, മൂഡില്ലായ്മ, ആര്‍ത്തവ ക്രമക്കേട് തുടങ്ങിയവ വരുംപോള്‍ ആദ്യം സംശയിക്കുന്നത് 'ഈസ്ട്രജന്‍', 'പ്രൊജസ്ട്രോണ്‍' ഹോര്‍മോണുകളെയാണ്, തടിയുന്നതും മെലിയുന്നതും സ്വാഭാവികമായി സംഭവിക്കുന്നതായും കരുതും, ലക്ഷണങ്ങള്‍ കറിനമാകുംപോള്‍ മാത്രമേ രോഗം മറ്റു വല്ലതുമാണോ എന്ന് അന്വേഷിക്കുകയുള്ളൂ, അന്വേഷണം ഒടുവില്‍ എത്തിച്ചേരുന്നത്‌ കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയിലായിരിക്കും, തൈറോയിഡ് രോഗം വരാനുള്ള സാധ്യത സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് എട്ടു മടങ്ങ്‌ കൂടുതലാണ്, രോഗ ബാധിതരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരികളും ആയിരിക്കും, പലപ്പോഴും 'തൈറോയിഡ്' പ്രശ്നങ്ങള്‍ തിരിച്ചറിയുന്നത്‌ വന്ധ്യതക്ക് ചികിത്സ തേടുംപോഴായിരിക്കും, അല്ലെങ്കില്‍ ഗര്‍ഭകാല പരിശോധനകള്‍ക്കിടക്കും, പുരുഷന്മാരിലും ഈ രോഗം ഇന്ന് ധാരാളമായിട്ട്‌ കണ്ടു വരുന്നുണ്ട്, ഒട്ടു മിക്ക തൈറോയിഡ് രോഗങ്ങളും പാരംപര്യ സ്വഭാവം കാണിക്കാറുണ്ട്, ഗോയിട്ടര്‍ എന്ന 'തൈറോയിഡ്' രോഗത്തേക്കുറിച്ച് ബി സി രണ്ടായിരത്തി അഞ്ഞൂറിലെ ചൈനീസ് ചികിത്സാ ശാസ്ത്രങ്ങളിലും, ബി സി ആയിരത്തി അഞ്ഞൂറിലെ ആയുര്‍വേദ ശാസ്ത്രങ്ങളിലും വിവരിക്കുന്നുണ്ട്, നിങ്ങളുടെ തൈറോയിഡ് ഗ്രന്ഥിയിലെ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും ചിലപ്പോള്‍ ശരീരത്തിലും, മനസ്സിലും, സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം, തൈറോയിഡ് ഹോര്‍മോണിന്റെ അളവ് കൂടുംപോള്‍ പെട്ടന്ന് ദേഷ്യം വരികയും, ആളുകള്‍ അസ്വസ്ഥരാവുകയും ചെയ്യും, കൂടാതെ കൃത്യമായി ഭക്ഷണം കഴിച്ചാലും ശരീരം മെലിയുക, ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥ, ചര്‍മം വരളുക, ഇടയ്ക്കിടെ വയറ്റില്‍ നിന്ന് പോകണം എന്ന തോന്നല്‍ എന്നിവയും, ഹോര്‍മോണ്‍ കുറഞ്ഞാല്‍ അലസത, മന്ദിപ്പ്, ശരീരം തടിക്കുക, ഭാരം കൂടുക, തണുപ്പ് സഹിക്കാന്‍ പറ്റാത്ത അവസ്ഥ, ചര്‍മ്മം മൃദുവാകുക, മലബന്ധമുണ്ടാകുക എന്നിവയും ഉണ്ടാകും,

ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കലാണ് ജൈവസന്ദേശവാഹകരായ ഹോര്‍മോണുകളുടെ പ്രധാന ചുമതല, പ്രത്യേക ഗ്രന്ഥികളില്‍ നിശ്ചിത അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവ രക്തത്തിലൂടെ സഞ്ചരിച്ചു എല്ലാ കോശങ്ങളേയും അഭിമുഖീകരിക്കുമെങ്കിലും ജൈവ ധര്‍മ്മമനുസരിച്ചു ലക്ഷ്യ സ്ഥാനത്തു മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളൂ, വളരെ കുറച്ച് അളവിലേ ഹോര്‍മോണുകള്‍ ശരീരത്തിന് ആവശ്യമുള്ളൂ, അത് കൊണ്ട് തന്നെ കൃത്യമായ അളവിലാണ് ശരീരത്തില്‍ അവ ഉത്പാദിപ്പിക്കുന്നതും,

കഴുത്തിന്റെ മുന്‍ഭാഗത്ത്‌ ആദംസ് ആപ്പിളിന്റെ താഴെയായി ചിറകു വിരിച്ചു നില്‍ക്കുന്ന ചിത്ര ശലഭത്തിന്റെ ആകൃതിയിലാണ് തൈറോയിഡ് സ്ഥിതി ചെയ്യുന്നത്, മൂന്നു മുതല്‍ നാല് സെന്റിമീറ്റര്‍ വരെ നീളവും, ഒന്ന് മുതല്‍ ആറു സെന്റിമീറ്റര്‍ വരെ വീതിയും, രണ്ടു മുതല്‍ മൂന്നു സെന്റിമീറ്റര്‍ വരെ കനവും ഇവക്കുണ്ട്, പ്രധാനമായും രണ്ടു തരം ഹോര്‍മോണുകളാണ് തൈറോയിഡ് ഉത്പാദിപ്പിക്കുന്നത്, തൈറോക്സിന്‍ അല്ലെങ്കില്‍ ടി ഫോര്‍, ട്രൈ അയഡോ തൈറോണിന്‍ അല്ലെങ്കില്‍ ടി ത്രീ എന്നിവ, ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളുടെയും പ്രവര്‍ത്തനത്തേയും ഉപാപചയ പ്രവര്‍ത്തനത്തേയും ഇത് നിയന്ത്രിക്കുന്നു, ശരീരത്തിലെത്തുന്ന കലോറിയെ തൈറോയിഡ് ഹോര്‍മോണുകളാണ് ഊര്‍ജ്ജമാക്കി മാറ്റുന്നത്, കോശങ്ങളുടെയും കലകളുടെയും വളര്‍ച്ച, വികാസം, ശരീരതാപ നിയന്ത്രണം, കൊളസ്ട്രോള്‍ മെറ്റബോളിസം, അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനം എന്നിവയ്ക്ക് തൈറോയിഡ് കൂടിയേ തീരൂ, ഹൃദയം, മസ്തിഷ്കം, കരള്‍, വൃക്കകള്‍, ചര്‍മം എന്നിവയും, ഹൃദയമിടിപ്പും നിയന്ത്രിക്കുന്നത്‌ ഇതാണ്, കൂടാതെ ഉന്മേഷവും, ഊര്‍ജ്ജ സ്വലതയും തരുന്നതും ഇതാണ്,

കാറിന്റെ എഞ്ചിന്‍ പോലെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഗതി നിര്‍ണ്ണയിക്കുന്നത് തൈറോയിഡ് ഗ്രന്ഥി ആണെന്ന് പറയാം, അയഡിന്‍ ആണ് തൈറോയിഡിന്റെ ഇന്ധനം, ഭക്ഷണത്തിലൂടെയാണ് അയഡിന്‍ ശരീരത്തിലെത്തുന്നത്, രക്തത്തില്‍ നിന്ന് തൈറോയിഡ് നേരിട്ട് അയഡിന്‍ വലിച്ചെടുക്കുന്നു, തൈറോക്സിന്‍ ഹോര്‍മോണില്‍ നാല് അയഡിന്‍ ആറ്റമാണുള്ളത്, ട്രൈ അയഡോ തൈറോണിന്‍ ഹോര്‍മോണില്‍ മൂന്നും, ടി ഫോറില്‍ നിന്ന് ഒരു അയഡിന്‍ ആറ്റം മാറ്റിയാല്‍ ടി ത്രീ ഉണ്ടാവും, ഹോര്‍മോണിന്റെ എണ്‍പത് ശമാനവും ടി ഫോര്‍ ആണ് ബാക്കി ഇരുപതു ശതമാനം ടി ത്രീയും, ഉത്പാദിപ്പിക്കപ്പെടുന്ന ടി ഫോറും, ടി ത്രീയും തൈറോയിഡ് ഗ്രന്ഥിയിലെ ഫോളിക്കിളിലാണ് ശേഖരിച്ചു വക്കുന്നത്, പിന്നെ ആവശ്യത്തിനനുസരിച്ച് അതിനെ രക്തത്തിലേക്ക് സ്രവിക്കുന്നു, ഇത് കോശങ്ങളിലെ പ്രത്യേക സ്വീകാരി കോശങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, തൈറോയിഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്‌ തലച്ചോറിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മാസ്ടര്‍ ഗ്ലാന്റ് ആയ പ്ടിട്ട്യൂട്ടറി ഗ്രന്ഥിയാണ്, തൈറോയിഡ് സ്ടിമുലേറ്റിംഗ് ഹോര്‍മോണിന്റെ അല്ലെങ്കില്‍ ടി എസ് എച്ചിന്റെ രൂപത്തില്‍ എത്ര ഹോര്‍മോണ്‍ ഉത്പാദിപ്പിക്കണമെന്നതു സംബന്ധിച്ച് തൈറോയിഡ് ഗ്രന്ഥിയിലേക്ക് സന്ദേശം വരും, തൈറോയിഡ് ഉത്പാദനത്തിനനുസരിച്ച് ടി എസ് എച്ചിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം, അതായത് ടി എസ് എച് കൂടിയാല്‍ തൈറോയിഡ് കൂടുതലായി പ്രവര്‍ത്തിച്ച് ഹോര്‍മോണിന്റെ ഉത്പാദനം കൂട്ടും, ടി എസ് എച്ചിന്റെ അളവ് കുറയുംപോള്‍ തൈറോയിഡ് കുറച്ചു മാത്രം പ്രവര്‍ത്തിച്ച്  ഹോര്‍മോണിന്റെ അളവ് കുറയ്ക്കും, തൈറോയിഡില്‍ വീക്കം വന്നു മുഴകള്‍ രൂപപ്പെടുന്നതിന് ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ ഇത് ക്യാന്‍സറായി രൂപാന്തരപ്പെടാം,

ചുരുക്കത്തില്‍ തൈറോയിഡിന്റെ പ്രശ്നങ്ങള്‍ നിസ്സാരമായി ഒരിക്കലും തള്ളിക്കളയരുത്, അനിയന്ത്രിതമായ പ്രമേഹം സങ്കീര്‍ണ്ണമാകുന്നത് പോലെ ഇതും ജീവന് ഭീഷണിയായി മാറാന്‍ ഇടയുണ്ട്, ഇന്ന് തൈറോയിഡ് രോഗം ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ മരുന്നിലൂടെ തന്നെ രോഗം നിയന്ത്രിക്കാനാവും,

No comments:

Post a Comment