Friday, February 15, 2013

സൈമണ്‍ റോഡ്രിഗസ് ബ്രിട്ടോ !!!


[ചികിത്സക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയില്‍, സപ്തംബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ യാസിര്‍ ഫയാസ് എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പങ്കു വക്കുന്നു]

അരക്ക് കീഴ്പോട്ട് തളര്‍ന്ന ശരീരവുമായി, വീല്‍ചെയറിലിരിക്കുന്ന ഈ അന്പത്തിയെട്ടുകാരനെ തിരിച്ചറിയാത്ത മലയാളി ഉണ്ടാവില്ല, എം എല്‍ എ, എഴുത്തുകാരന്‍, നോവലിസ്റ്റ്, പ്രഭാഷകന്‍, പ്രകൃതി ചികിത്സയുടെ പ്രചാരകന്‍ എന്നിങ്ങനെ, ഒരു കത്തിമുനക്കും കീഴടക്കാനാവാത്ത വിപ്ലവ വീര്യവുമായി, അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി, ബ്രിട്ടോ ഇന്നും നമുക്കിടയിലുണ്ട്, 29 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1983 ഒക്ടോബര്‍ 14 ന്റെ പകലില്‍, എറണാകുളം ജനറലാശുപത്രിയുടെ ഇടനാഴിയില്‍ വച്ച് തന്റെ ഹൃദയവും, കരളും, ശ്വാസ കോശവും, നട്ടെല്ലും തുളച്ച് നാലു വട്ടം കത്തിമുന ആഴ്ന്നിറങ്ങിയപ്പോളും, എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഐ സി യു മുറിയില്‍ മരണം വൈകില്ലെന്ന് ഡോക്ടര്‍മാര്‍ സഹതപിച്ചപ്പോഴും, യൌവനത്തിന്റെ ചോര തിളയ്ക്കുന്ന കാലത്ത്, രക്തം ചിന്തി വീണു പോയ ബ്രിട്ടോ, മരണത്തിനോടു പോലും തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല,

ദിവസം മുഴുവനും വേദന തിന്നും, രാത്രികളുടെ ഉറക്കമില്ലായ്മയില്‍ ചോര ചുമച്ചു തുപ്പിയും, മൂത്രം എപ്പോഴും ഇറ്റു വീണും, നട്ടെല്ലിലും വയറിലുമായി ചുരുങ്ങിയ കാലം കൊണ്ടു സംപാദിച്ച ഒരുപാടു തുന്നിക്കെട്ടലുകളുമായി, അലോപതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിങ്ങനെ പല സംപ്രദായങ്ങളിലൂടെ നീണ്ടു പത്തു വര്‍ഷത്തെ ആശുപത്രി വാസം, എല്ലാം കടന്ന് മരണ തീരത്തു നിന്ന് തിരിച്ചെത്തിയ ബ്രിട്ടോക്ക് ഒടുവില്‍ ജീവതാളമായത് പ്രകൃതിചികിത്സയാണ്, '89 ല്‍ ഹൃദയത്തിലെയും കരളിലേയും മുറിവുകളുണങ്ങിയിട്ടും, അരക്ക് കീഴ്പ്പോട്ട് ചലന ശേഷി നഷ്ടമായി, വിട്ടു മാറാത്ത പനിയും, സഹിക്കാനാവാത്ത ശരീര വേദനയും, ദേഹം മൊത്തമുള്ള നീര്‍ക്കെട്ടും കൂടപ്പിറപ്പായി, മുറിവ് കരിയാനുള്ള അലോപതി മരുന്നുകളുടെ കൂടെ ഇറച്ചിയും മീനും മുട്ടയും ധാരാളം കഴിച്ചതു കൊണ്ട്, വണ്ണം കൂടി മല ശോധന ഇല്ലാതായി, കാഴ്ചയും മങ്ങിത്തുടങ്ങി, ഇടക്കൊരിക്കല്‍ ഒരു വലിയ പനി വന്നതിന് ആശുപത്രിയില്‍ അഡ്മിറ്റ് ആയി മരുന്ന് കഴിച്ചതോടെ, ശരീരം മുഴുവന്‍ ചുവന്നു തടിച്ചു, പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരിയുടെ നിര്‍ദ്ദേശപ്രകാരം വേലിച്ചീര ജ്യൂസ് കുടിച്ചാണ്  അലര്‍ജി മാറിയത്, ജേക്കബ് വടക്കഞ്ചേരിയോടു ബ്രിട്ടോ പിന്നീട് ആവശ്യപ്പെട്ടത്‌ തനിക്ക് ചികിത്സ തുടങ്ങുങ്ങണമെന്നാണ്, അതിനു മുന്‍പ് ചെറിയൊരു സാവകാശവും ചോദിച്ചു, ഇറച്ചിയും, മീനും മുട്ടയും സമൃദ്ധമായി കഴിക്കുന്ന കുടുംബത്തിലെ അംഗമായതു കൊണ്ട് അവയെല്ലാം കഴിച്ചു ആഗ്രഹ പൂര്‍ത്തി വന്നതിനു ശേഷം ചികിത്സ തുടങ്ങാന്‍,

ആദ്യത്തെ രണ്ടു ദിവസം പിന്നെ ഉപവാസമായിരുന്നു, ഇറച്ചി, പാല്‍, മുട്ട, മീന്‍, മസാലക്കൂട്ടുകള്‍, മൈദാ, ഡാല്‍ഡ, ചായ, കാപ്പി, പഞ്ചസാര, അലോപതി മരുന്നുകള്‍ എല്ലാം ഒഴിവാക്കപ്പെട്ടു, വേവിച്ച ഭക്ഷണം ഒരു നേരമായി, ബാക്കി രണ്ടു നേരവും പഴങ്ങളും പച്ചക്കറികളും മാത്രം, അലൂമിനിയം പാത്രങ്ങളിലുള്ള പാചകവും ഉപേക്ഷിച്ചു, തവിടുകളയാത്ത അരി വേവിച്ചു വറ്റിച്ചാണ്‌ ചോറുണ്ടാക്കിയത്, എല്ലാ മാസവും രണ്ടു ദിവസത്തോളം ഉപവസിച്ചു, ഏകദേശം ഒരു വര്‍ഷം കൊണ്ട് പനിയും നീര്‍ക്കെട്ടും മാറി, വണ്ണം കുറഞ്ഞ് മലശോധനയും, കാഴ്ചയും ശരിയായി, ചികിത്സ തുടങ്ങുംപോള്‍ വിചാരിച്ച പോലെ അസുഖം മാറിക്കഴിഞ്ഞ് പഴയ ജീവിത ശൈലിയിലേക്ക് പോകാന്‍ പക്ഷേ ബ്രിട്ടോക്ക് മനസ്സു വന്നില്ല, പ്രകൃതി ചികിത്സയുടെ ഫലങ്ങള്‍ അനുഭവ വേദ്യമായപ്പോള്‍, അതിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലക്ഷ്മണ ശര്‍മ്മയുടെയും, സി ആര്‍ ആര്‍ വര്‍മ്മയുടെയും പുസ്തകങ്ങള്‍ വായിച്ച് ആഴത്തിലുള്ള അറിവ് സംപാദിക്കുകയാണ് ബ്രിട്ടോ പിന്നെ ചെയ്തത്, സി ആര്‍ ആര്‍ വര്‍മ്മയുടെ മരണ വിവരമറിഞ്ഞ് 'തിരുമുല്പാട്' പറഞ്ഞ വാക്കുകള്‍, "ഒരു ചങ്ങല പൊട്ടുന്നത് അതിന്റെ മുഴുവന്‍ കണ്ണികളും പോട്ടിയിട്ടല്ല, എവിടെയെങ്കിലും ഒരു കണ്ണിയാണ് പൊട്ടുന്നത്, പക്ഷേ പ്രകൃതി ചികിത്സയുടെ കൂടുതല്‍ ആഴങ്ങളിലേക്ക് പറന്നിറങ്ങാന്‍ ബ്രിട്ടോക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു, തിരുവനന്തപുരം ഭവാനി നേഴ്സിംഗ് ഹോമിലെ ഡോ: മോഹന്‍ ലാലിന്റെ ആയുര്‍വേദവും പ്രകൃതി ചികിത്സയും കൂട്ടിയിണക്കിയുള്ള ചികിത്സകള്‍ക്കൊടുവിലാണ് 'കാലിപര്‍' ഉപേക്ഷിക്കാനും വാക്കറില്‍ നടക്കാനും ബ്രിട്ടോക്കു കഴിഞ്ഞത്, ഇത് വരെയുള്ള കാലത്തിനിടക്ക് വന്ന വിരലിലെണ്ണാവുന്ന അസുഖങ്ങള്‍ക്ക് നാച്ചുറോപതി തന്നെയാണ് ചെയ്തത്, ചിലപ്പോള്‍ പച്ച മരുന്നോ, ഹോമിയോ മരുന്നോ കൂടെ പരീക്ഷിക്കും, പ്രകിതി ചികിത്സാ പ്രകാരം തന്നെയാണ് ദിനചര്യയും, രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കു എഴുന്നേല്‍ക്കും, അര മണിക്കൂര്‍ യോഗ അല്ലെങ്കില്‍ ബുദ്ധിസ്റ്റ് മെഡിട്ടേഷന്‍, പിന്നെ ഫിസിയോതെറാപ്പിയും, വാക്കറില്‍ കുറച്ചു നേരത്തെ നടപ്പും, രാവിലെയും വൈകിട്ടും വാഴപ്പഴം, ചക്ക, ഓറഞ്ച്, പേരക്ക പോലുള്ള പഴങ്ങള്‍, ചായക്കും കാപ്പിക്കും പകരം തേന്‍ വെള്ളം, ഉച്ചക്ക് ചോറും, സാലഡ്, അവിയല്‍, തോരന്‍, ചമ്മന്തി അങ്ങനെ എന്തെങ്കിലും, പത്തു മണിയോടെ ഉറങ്ങും, ഉപ്പും, പുളിയും എരിവും ഒക്കെ കുറച്ചാണ് പാചകം, പച്ച മുളകിന്റെ അരി കളഞ്ഞും, ധാന്യങ്ങള്‍ മുളപ്പിച്ചും ഉപയോഗിക്കും, തിളപ്പിച്ചാറിയ വെള്ളം കുടിക്കാറില്ല, പകരം രണ്ടു ദിവസം കൂജയില്‍ തുണി മൂടി, കെട്ടി വച്ച പച്ച വെള്ളം സൂര്യപ്രകാശം കൊള്ളിച്ച് ശുദ്ധിയാക്കിയത്തിനു ശേഷമോ, മുച്ചട്ടി അരിപ്പ ഉപയോഗിച്ച് അരിച്ചതിനു ശേഷമോ ഉപയോഗിക്കും, പതിവില്ലാതെ ഒരിക്കല്‍ മീന്‍ കഴിച്ചപ്പോള്‍ പൃഷ്ഠ ഭാഗത്ത്‌ ഒരു തടിപ്പു വന്നു, അന്ന് ജേക്കബ് വടക്കഞ്ചേരിയുടെ നിര്‍ദ്ദേശ പ്രകാരം ഗോതംപു പൊടി കുഴച്ച് ഒരു രൂപ വട്ടത്തില്‍ ചുട്ടു കരിച്ച്  കഴിച്ചു, വൈകുന്നേരത്തോടെ സുഖപ്പെട്ടു, പിന്നെ ഒരിക്കല്‍ വിശ്രമമില്ലായ്മ കൊണ്ട് 21 ദിവസത്തോളം പനിച്ചു, ഉപവാസം കൊണ്ടാണ് അന്ന് പനി മാറിയത്, കൊച്ചിയുടെ അന്തരീക്ഷവും വായുവും പരിക്കേറ്റ ബ്രിട്ടോയുടെ ശ്വാസകോശത്തെ ആലോസരപ്പെടുത്താറുണ്ട്, ഇടുക്കിയിലെ മാങ്കുളത്തെ വീട്ടില്‍ ഇടയ്ക്കിടെ പോയി, മലനാടിന്റെ സ്വച്ഛന്ദ സുന്ദരമായ പ്രകൃതിയില്‍ കുറച്ചു ദിവസം താമസിക്കുന്നതാണ് ഇതിനൊരു ആശ്വാസം,

പ്രകൃതിജീവനത്തിലൂടെ തനിക്ക് ലഭിച്ചത്, ലോകാരോഗ്യ സംഘടനയും അഷ്ടാംഗഹൃദയവും ഒരേ സ്വരത്തില്‍ നിര്‍വചിക്കുന്ന, ശരീരത്തിന്റെയും മനസ്സിന്റെയും സ്വാസ്ത്യമാണെന്ന്, ബ്രിട്ടോ സാക്ഷ്യപ്പെടുത്തുന്നു, അലോപതി ചികിത്സയില്‍ ഈ സ്വാസ്ഥ്യം കിട്ടണമെന്നില്ല, ചിലപ്പോള്‍ രോഗം മാറിയതായിതായിപ്പോലും തോന്നില്ല, ചികിത്സ എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്, അത് തിരഞ്ഞെടുക്കുന്നതിന്, ഒരു സംപ്രദായവും ആരേയും നിര്‍ബന്ധിക്കന്നത് ശരിയല്ല, ചികിത്സയുടെ പേരില്‍ ഇന്നെവിടെയും കച്ചവടമാണ് നടക്കുന്നത്, ആശുപത്രികള്‍ കൂടുന്നതിനനുസരിച്ച് രോഗം കുറയുകയല്ല, മറിച്ച് മരണ ഭീതി കൂടുകയാണ് ആളുകളുടെ ഇടയില്‍, മരണത്തെ മുഖാമുഖം കണ്ടു തിരിച്ചു വന്നയാളാണ് ഞാന്‍, വളരെ ഭയാനകവും വേദനാജനകവുമായ ഒന്നായിട്ടാണ് മരണത്തെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, എന്നാല്‍ അത് ഏറ്റവും വലിയ വിഡ്ഢിത്തമാണ്, കാരണം മരണം അങ്ങനെയൊന്നുമല്ല, ജനിച്ച എല്ലാവരും മരിക്കും, പക്ഷേ മരിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്, ഈ ഭയം 'ടാപ്പ്' ചെയ്താണ് ആശുപത്രികള്‍ പണം കൊയ്യുന്നത്, നമുക്ക് നമ്മുടെ ശരീരത്തെ സ്വാസ്ത്യപൂര്‍ണ്ണമായി സംരക്ഷിക്കാന്‍ കഴിയണം, അത് പ്രകൃതി ജീവനത്തിലൂടെ അനായാസം കഴിയും, 80 ശതമാനം ശാരീരിക വൈകല്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, വീല്‍ ചെയറില്‍ കേരളം മുഴുവനും സഞ്ചരിച്ച് ജനങ്ങളുമായി ഇടപഴകുന്ന ഈ സാധാരണക്കാരന്, താന്‍ 20 ശതമാനം 'ഏബിള്‍' ആണെന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടം, അതു കൊണ്ടു തന്നെയാണ് 'സൈമണ്‍ റോഡ്രിഗസ് ബ്രിട്ടോ' എന്ന മനുഷ്യന്‍ ഒരു 'പ്രതിഭാസ'മായി എനിക്ക് തോന്നിയത്,,

No comments:

Post a Comment