കരിമീന്‍ പൊള്ളിച്ചത്...ആവോലി പൊരിച്ചത്...മത്തി മുളകിട്ട് വച്ചത്... കണ്ട്രോള്‍ തരണേ ഈശ്വരാ!!!
[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ: ശ്രീദേവി ജയരാജ് എഴുതിയ ആര്‍ട്ടിക്കിളിന്റെ പ്രസക്ത ഭാഗങ്ങള്‍]
മത്തി, അയല, ആവോലി, അയക്കൂറ, കിളിമീന്‍, സ്രാവ്, തിരണ്ടി, ചൂര എന്നീ കടല്‍മത്സ്യങ്ങളും, കരിമീന്‍, വാള, നത്തോലി, വേളൂരി, മാന്ത, മുള്ളന്‍, കോര, തളയന്‍, അടവ് എന്നീ ശുദ്ധജലമത്സ്യങ്ങളും, തിലാപ്പിയ, രോഹു മുതലായ വളര്‍ത്തു മത്സ്യങ്ങളും, ഞണ്ട്, ചെമ്മീന്‍, കൊഞ്ച്, കല്ലുമ്മക്കായ, കൂന്തല്‍, മുരു മുതലായ തോടുള്ളമത്സ്യങ്ങളും കാലാകാലങ്ങളായി തീന്‍ മേശയില്‍ കേരളീയരുടെ വീക്നെസ്സുകളാണ്. ഇതുകളുടെ പോഷണവും രുചിയും എപ്പോഴും അതിലെ കൊഴുപ്പിനെ ആശ്രയിച്ചിരിക്കും, കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഇത് കൂടിയും കുറഞ്ഞും ഇരിക്കും, അടങ്ങിയിരിക്കുന്ന പ്രധാന പോഷക ഘടകങ്ങള്‍ പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാണ്, സംപൂര്‍ണ്ണ പ്രോട്ടീനാണ് മത്സ്യത്തിലേത്, മനുഷ്യന് വേണ്ട എല്ലാ അമിനോ ആസിഡുകളും ഇതിലുണ്ട്, കൂടാതെ ഇത് എളുപ്പത്തില്‍ ദഹിച്ച് പൂര്‍ണ്ണമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യും, പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് വേണ്ട പ്രോട്ടീനിന്റെ പകുതിയോളം വെറും നൂറു ഗ്രാം മത്സ്യത്തില്‍ നിന്നും ലഭിക്കും, ജന്തുജന്യമായ വിറ്റാമിന്‍ ആയ ബി-12 ന്റെ 82 ശതമാനത്തോളം നൂറു ഗ്രാം മത്തി, അയല, ചൂര, ഞണ്ട് എന്നീ മത്സ്യങ്ങളില്‍ നിന്നും കിട്ടും, കൊഴുപ്പിന്റെ മെറ്റബോളിസത്തിന് ആവശ്യമായ വിറ്റാമിന്‍ ബി-3 / നിയാസിന്റെ പ്രധാന ഉറവിടം ആങ്കോവീസ് (മണങ്ങ്), ചൂര, അയല എന്നീ മത്സ്യങ്ങളാണ്, നിയാസിന്‍, രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആവശ്യമാണ്, ഇത് കുറഞ്ഞാല്‍ ആകാംക്ഷ, അസ്വസ്ഥത, ഏകാഗ്രതക്കുറവ്, ക്ഷീണം, വിഷാദം മുതലായവ ഉണ്ടാകും, വിറ്റാമിന്‍ ബി-6 ന്റെ നല്ല സ്രോതസ്സുകളാണ് കോഡ്, കോര, ചൂര, മുള്ളന്‍ എന്നീ മത്സ്യങ്ങള്‍, അസ്ഥിയുടെയും പല്ലിന്റെയും വളര്‍ച്ചക്ക് വളരെ അത്യാവശ്യമായ വിറ്റാമിന്‍ ഡി, അയല, കോര, ട്യൂണ, തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളമുണ്ട്, സ്രാവ്, കോഡ് തുടങ്ങിയവയുടെ കരളിലും ഇത് ധാരാളമുണ്ട്, കാഴ്ചശക്തിയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ എ യുടെ നല്ല ഉറവിടമാണ് മീനെണ്ണ അല്ലെങ്കില്‍ കോഡ് ലിവര്‍ ഓയില്‍, ചര്‍മ്മം, മുടി എന്നിവയുടെ ആരോഗ്യത്തിനും ഇത് ആവശ്യമാണ്,
ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന്റെ സംരക്ഷകരാണ്, ശരീരത്തിന് ഇത് വേണ്ട മാത്രയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല, മത്സ്യങ്ങളുടെ കൊഴുപ്പില്‍ അപൂരിതമായ ഇത് ധാരാളം ഉണ്ട്, സന്ധികളിലെയും, രക്തക്കുഴലിലേയും നീര്‍വീക്കം അല്ലെങ്കില്‍ 'പ്ലേക്ക് ' കുറയ്ക്കുന്നതും രക്തത്തിലെ ട്രൈ ഗ്ലിസറായ്ഡിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും, കൂടാതെ ഹൃദ്രോഗവും അമിത രക്തസമ്മര്‍ദ്ദവും തടയാനും, അതിന്റെ സാധ്യതകള്‍ മൂന്നിലൊന്നായി കുറയ്ക്കാനും ഒമേഗ 3 ഫാറ്റി ആസിഡിന് കഴിയും, സന്ധികളുടെ ആരോഗ്യത്തിനും ഒമേഗ 3 നല്ലതാണ്, സന്ധികളുടെ പിടുത്തവും, വേദനയും, കുറയ്ക്കാനും, എല്ലുകളുടെയും തരുണാസ്ഥികളുടെയും തേയ്മാനം കുറയ്ക്കാനും, ആന്റി-ഇന്‍ഫ്ലമേറ്ററി മരുന്നുകളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനും, ആസ്ത്മയിലെ നീര്‍വീക്കം കുറയ്ക്കാനും ഇത് ഉപകരിക്കുന്നു, കൂടാതെ അല്ഷിമേഴ്സ് രോഗത്തെ തടയാനും, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞിന്റെ ബുദ്ധിവികാസത്തിനായിട്ടും ഇത് ഉപയോഗിക്കുന്നു, നെയ്യുള്ള മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിലാണ് ഒമേഗ 3 ധാരാളമുള്ളത്, രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാല്‍ 'സ്ട്രോക്ക്' അല്ലെങ്കില്‍ 'പക്ഷാഘാത' സാധ്യതയും കുറയുന്നു, സ്തനാര്‍ബുദം, കുടലിലെ അര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം എന്നിവക്കെതിരെ പ്രതിരോധവും തീര്‍ക്കുന്നു,
മത്സ്യമായിട്ടാണ് പറയാറുള്ളതെങ്കിലും ചെമ്മീന്‍ 'ക്രസ്ടെഷ്യന്‍' വിഭാഗത്തില്‍ പെടുന്ന ഒരു ജീവിയാണ്, പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12, സെലിനിയം, ഇരുമ്പു, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നീ ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് ചെമ്മീന്‍, പക്ഷേ പൂരിത കൊഴുപ്പ് ഉണ്ടെന്നുള്ളത് കൊണ്ട് ഇത് അമിതമാകാതെയും ശീലമാക്കാതേയും ഉപയോഗിക്കണം, കൊഞ്ച് അല്ലെങ്കില്‍ 'ലോബ്സ്ടറി'ലെ പോഷകങ്ങളും ചെമ്മീനിന് ഏതാണ്ട് സമാനമാണ്, കൊളസ്ട്രോള്‍ ഉണ്ടെന്നുള്ള പ്രശ്നം ഇതിനും ഉണ്ട്, കൂടാതെ കടല്‍ മലിനീകരണത്തിന്റെ ദോഷങ്ങള്‍ ബാധിക്കുന്നവയാണ് ചെമ്മീനും കൊഞ്ചും ഞണ്ടുമൊക്കെ, തോടുള്ളവയില്‍ ഉള്‍പ്പെട്ട മറ്റിനങ്ങളാണ്, കൂന്തല്‍, കല്ലമ്മക്കായ, ചിപ്പി എന്നിവ, ഇതുകളും കൊളസ്ട്രോളിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല എന്നത് ഓര്‍ക്കുന്നത് നന്ന്, കല്ലുമ്മക്കായ / കടുക്ക 'മോള്ളസ്ക' വിഭാഗത്തില്‍ പെടുന്ന ജീവിയാണ്, കൂടാതെ ഓരിക്ക, കക്ക, മുരു മുതലായവയും ഉണ്ട്, തോടുള്ളവയിലെ പ്രോട്ടീനുകള്‍ മത്സ്യത്തെ അപേക്ഷിച്ച് ദഹിക്കാന്‍ വിഷമമുള്ളവയാണ്, തോടുള്ളവ ചിലരില്‍ അല്ലര്‍ജി ഉണ്ടാക്കുന്നതായും കാണാറുണ്ട്, സ്രാവ്, അയക്കൂറ, ചെമ്മീന്‍ തുടങ്ങിയവയിലാണ് കടലിലെ മത്സ്യങ്ങളില്‍ ബയോടോക്സിനുകള്‍ കൂടുതലായും അടിഞ്ഞു കൂടി കാണപ്പെടുന്നത്, ലെഡ്, മെര്‍കുറി തുടങ്ങിയ ഹെവി മെറ്റലുകള്‍ ഇതില്‍ പെടും, ഇത് മൂലം നാടീ വ്യൂഹത്തിനും പ്രതിരോധശേഷിക്കും തകരാറുകള്‍ സംഭവിക്കാം, തോടുള്ള മത്സ്യങ്ങള്‍ കടല്‍ വെള്ളം ശരീരത്തിലൂടെ അരിച്ചു കടത്തി വിട്ടു ഭക്ഷണം തേടുന്നതിനാല്‍ കൂടുതല്‍ വിഷാംശം അവയിലാണ് കാണാറ്,
മത്സ്യ വിഭവങ്ങള്‍ക്ക് വേഗം കേട് സംഭവിക്കും, പരമാവധി അതുകൊണ്ട് കറി വച്ച് കഴിക്കുക, വറുത്ത മത്സ്യം നിര്‍ബന്ധമാണെങ്കില്‍ വാഴ ഇലയില്‍ പൊള്ളിച്ചെടുക്കുക, മസാലക്കൂട്ടില്‍ മുക്കാതെ ആവിയില്‍ പുഴുങ്ങി ഉപയോഗിക്കുംപോഴാണ് ഓരോ മത്സ്യത്തിന്റെയും യഥാര്‍ത്ഥ സ്വാദ് അറിയാനാവുക, മത്സ്യ വിഭവങ്ങള്‍ ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്, കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, രോഗികള്‍ക്കും വരെ ഇത് കഴിക്കാം, 'ഹാര്‍ട്ട് ഹെല്‍ത്തി ഡയറ്റും', 'ബ്രെയിന്‍ ഹെല്‍ത്തി ഡയറ്റും', ആരോഗ്യവും ആയുര്‍ ദൈര്‍ഘ്യവും കൂട്ടുന്ന മെഡിറ്ററെനിയന്‍ ഡയറ്റും' മത്സ്യം പ്രധാനമായ ഡയറ്റുകള്‍ തന്നെയാണ്,
No comments:
Post a Comment